ചെന്നൈ-ആലപ്പുഴ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കാണാതായ ബിടെക് വിദ്യാർഥിയെ കണ്ടെത്താൻ മാതാപിതാക്കളും കോയമ്പത്തൂർ പൊലീസും ആലപ്പുഴയിലെത്തി. ചെന്നൈ വെസ്റ്റ് താംബരം സായ് റാം ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ ബിടെക് വിദ്യാർഥിയായ വിമലിനെയാണ് (21) കാണാതായത്.
കോയമ്പത്തൂർ പൊള്ളാച്ചി സ്വദേശികളായ ഗോവിന്ദരാജ്-ഭുവനേശ്വരി ദമ്പതികളുടെ ഏകമകനാണ് ഇദ്ദേഹം. മാർച്ച് 16-നാണ് ചെന്നൈയിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോകാനായി വിമൽ ചെന്നൈ–ആലപ്പുഴ ട്രെയിനിൽ കയറിയത്.
എന്നാൽ വിദ്യാർഥി വീട്ടിലെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ മാർച്ച് 17-ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശുചീകരണത്തൊഴിലാളികൾക്ക് ട്രെയിൻ കംപാർട്മെന്റിൽ നിന്ന് ഒരു മൊബൈൽ ഫോൺ ലഭിച്ചു.
തൊഴിലാളികൾ ഇത് ഉടൻ തന്നെ ആർപിഎഫിന് കൈമാറി. ഫോൺ ലഭിച്ച ദിവസം തന്നെ അതിലേക്ക് വിമലിന്റെ അമ്മ വിളിച്ചിരുന്നു.
വിമലിനെക്കുറിച്ച് ആലപ്പുഴ ആർപിഎഫ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ട് ദിവസത്തിന് ശേഷം കോയമ്പത്തൂർ പൊലീസ് ആലപ്പുഴയിലെത്തി മൊബൈൽ ഫോൺ ഏറ്റുവാങ്ങി.
ഇതിന്റെ തുടർച്ചയായാണ് കോയമ്പത്തൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച രാവിലെ വിദ്യാർഥിയുടെ മാതാപിതാക്കളോടും ബന്ധുക്കളോടുമൊപ്പം ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയത്. വിമലിന്റെ മൊബൈൽ ഫോൺ ആലപ്പുഴയിൽ നിന്ന് ലഭിച്ച സാഹചര്യത്തിൽ, യാത്രയ്ക്കിടെ ഇദ്ദേഹത്തോടൊപ്പം മറ്റ് മലയാളികൾ ഉണ്ടായിരുന്നോ എന്ന സംശയം മാതാപിതാക്കളായ ഗോവിന്ദരാജും ഭുവനേശ്വരിയും പങ്കുവെച്ചു.
മകന്റെ ചിത്രം കണ്ട് തിരിച്ചറിയാൻ സാധിക്കുന്നവർ വിവരം ആലപ്പുഴ ആർപിഎഫിനെ അറിയിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

