പന്തീരാങ്കാവ് ∙ പാലം നിർമാണത്തിനുള്ള ക്രമീകരണവും ഫാസ്റ്റാഗിലെ അപാകതകളും അവധി ദിവസങ്ങളിൽ വൈകിട്ട് ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ഞായറാഴ്ച രാത്രി അറപ്പുഴ പാലത്തിനു സമീപം ഗതാഗതക്കുരുക്കു രൂക്ഷമായിരുന്നു.
ദേശീയപാത വെങ്ങളം – രാമനാട്ടുകര റീച്ചിൽ അറപ്പുഴ, മാമ്പുഴ പുതിയ പാലങ്ങളുടെ നിർമാണവും പഴയ പാലങ്ങളുമായി യോജിപ്പിക്കുന്ന ജോലിയും നടക്കുന്നതിനാൽ, ഈ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ട്. ഈ ഭാഗങ്ങളിൽ വാഹനങ്ങൾ ഒറ്റവരിയിലാണു കടത്തി വിടുന്നത്.
വെങ്ങളത്തു നിന്നു രാമനാട്ടുകരയിലേക്കുള്ള, ദേശീയപാതയുടെ കിഴക്കു വശത്താണു 2 പാലങ്ങളിലും നിയന്ത്രണമുള്ളത്. 3 വരിയിൽ വരുന്ന വാഹനങ്ങൾ ഒറ്റ വരിയിലേക്കു പൊടുന്നനെ മാറേണ്ടി വരുന്നതാണു കുരുക്കിനു പ്രധാന കാരണം.
മാമ്പുഴ പാലത്തിനും അറപ്പുഴ പാലത്തിനും സമീപമാണു കുരുക്ക്.
വിഷുവും മധ്യവേനലവധിക്കാല യാത്രകളും വരുന്നതിനാൽ, അടുത്ത ദിവസങ്ങളിൽ ഇവിടെ വാഹനങ്ങൾ കൂടുതൽ കുരുക്കിൽ പെടാനാണു സാധ്യത. അറപ്പുഴയിലെ പുതിയ പാലവും പഴയ പാലവും ബന്ധിപ്പിക്കുന്ന പ്രവൃത്തിയാണു നിലവിലുള്ളത്.
പഴയ പാലത്തിന്റെ 287 മീറ്റർ നടപ്പാതയും കൈവരിയും നീക്കം ചെയ്യുന്നുണ്ട്. ഇതിനായി ക്രെയിനുകളും മറ്റു യന്ത്രങ്ങളും റോഡിലുണ്ട്.
കൈവരിയും നടപ്പാതയും മുറിച്ചു മാറ്റിയ ശേഷമേ ഗർഡർ വച്ച് പുതിയ പാലവുമായി ബന്ധിപ്പിക്കാനാകൂ. അതുകൊണ്ടു തന്നെ, പണി പൂർത്തിയാകാൻ ദിവസങ്ങളെടുക്കും.
മാമ്പുഴ പാലത്തിന്റെ നിർമാണം നേരത്തെ തന്നെ തീർന്നതാണെങ്കിലും ഇവിടെ, നിർമാണ കമ്പനിയുടെ ഒട്ടേറെ യന്ത്രങ്ങളും ലോറികൾ അടക്കമുള്ള വാഹനങ്ങളും നിർത്തിയിട്ടിരിക്കുന്നതിനാൽ രാമനാട്ടുകര ഭാഗത്തേക്ക് ഒരു വരിയിലൂടെ മാത്രമാണു ഗതാഗതം അനുവദിച്ചിരിക്കുന്നത്. ഒളവണ്ണ ടോൾ പ്ലാസയോടു ചേർന്നുള്ള ഈ ഭാഗത്തും ഗതാഗതക്കുരുക്കുണ്ട്.
ഫാസ്റ്റാഗ് കുരുക്ക് മാറാതെ ടോൾ പ്ലാസ
ഒളവണ്ണ ടോൾ പ്ലാസയിൽ ഫാസ്റ്റാഗ് റീഡിങ്ങിലെ പ്രശ്നങ്ങൾ ഇതുവരെ പരിഹരിച്ചിട്ടില്ല.
ടോൾ പ്ലാസയിലെ ഓട്ടമാറ്റിക് സ്കാനറുകൾ, വാഹനങ്ങളിലെ ഫാസ്റ്റാഗ് തിരിച്ചറിയാതെ പോകുന്നത് ആവർത്തിക്കുന്നുണ്ട്. ഫാസ്റ്റാഗ് വഴി പണം ഈടാക്കാൻ ജീവനക്കാർ മാന്വൽ സ്കാനറുകൾ ഉപയോഗിക്കുന്നത് ഈ മാസം 10 മുതൽ നിർത്തിയിരുന്നു.
ആവശ്യത്തിനു തുക ബാക്കിയുള്ളവരുടെ ഫാസ്റ്റാഗ് പോലും റീഡ് ചെയ്യുന്നതിൽ തടസ്സം നേരിടുന്നുണ്ട്.
യുപിഐ വഴി പണം അടയ്ക്കാമെങ്കിലും 25% കൂടുതൽ തുക നൽകേണ്ടി വരും. ഇത്, ടോൾ പ്ലാസയിൽ തർക്കത്തിനു കാരണമാകുന്നു.
ഫാസ്റ്റാഗ് പ്രവർത്തിക്കാത്ത വാഹനങ്ങളെ മാറ്റിയിട്ട് യുപിഐ വഴി പണം അടപ്പിക്കാൻ സമയമെടുക്കുന്നതും ടോൾ പ്ലാസയിൽ നീണ്ട നിര രൂപപ്പെടാൻ കാരണമാകുന്നു.
3 സെക്കൻഡിൽ, ഓട്ടമാറ്റിക് സ്കാനർ വഴി ഫാസ്റ്റാഗിൽ നിന്നു പണം നൽകി ടോൾ പ്ലാസ കടന്നുപോകണമെന്നാണു നിയമം. ടോൾപ്ലാസയിൽ 10 സെക്കൻഡിൽ കൂടുതൽ കാത്തിരിക്കേണ്ടി വരികയോ വാഹന നിര 100 മീറ്ററിൽ അധികമാവുകയോ ചെയ്താൽ, ടോൾ ഈടാക്കാതെ വാഹനം കടത്തി വിടണമെന്നും നിയമമുണ്ട്.
ഇതു രണ്ടും ടോൾ പ്ലാസയിലെ ജീവനക്കാർ പാലിക്കുന്നില്ലെന്നും വ്യാപക പരാതിയുണ്ട്.
ബൈക്ക് അപകടങ്ങളും കൂടുന്നു
നിർമാണം നടക്കുന്ന കോരപ്പുഴ, പുറക്കാട്ടിരി പുതിയ പാലങ്ങളുടെ ഭാഗത്തും ഗതാഗത ക്രമീകരണമുണ്ട്. രാമനാട്ടുകര ഭാഗത്തേക്ക് ഒരു ലൈനിലൂടെ മാത്രമാണു വാഹനങ്ങൾ അനുവദിക്കുന്നത്.
ഇവിടെ ഗതാഗതക്കുരുക്കില്ലെങ്കിലും വാഹനാപകടങ്ങൾ ഉണ്ടാകുന്നുണ്ട്. അടുത്തിടെയുണ്ടായ ബൈക്ക് അപകടങ്ങളിൽ ഒരാൾ മരിച്ചു, 4 പേർക്കു പരുക്കേറ്റു.
നിർമാണം പൂർത്തിയാക്കാതെ ദേശീയപാത തുറന്നതിനെ എം.കെ.രാഘവൻ എംപി അടക്കമുള്ള ജനപ്രതിനിധികളും വ്യാപാരി സംഘടനാ നേതാക്കളും നേരത്തെ തന്നെ വിമർശിച്ചിരുന്നു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

