ന്യൂഡൽഹി ∙ തേജസ്സ് യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന എൻജിന്റെ അറ്റകുറ്റപ്പണികൾ നിർവഹിക്കാനുള്ള സംവിധാനം ഇന്ത്യയിൽ ആരംഭിക്കും. എഫ്404–ഐഎൻ20 എൻജിനുകൾ നിർമിക്കുന്ന യുഎസിലെ ജനറൽ ഇലക്ട്രിക്കും വ്യോമസേനയും തമ്മിൽ ഇതിനുള്ള ധാരണയായി.
വൈകാതെ കരാറിൽ ഒപ്പിടും.
പുതിയ സംവിധാനത്തിന്റെ ഉടമസ്ഥതയും നടത്തിപ്പുമെല്ലാം ഇന്ത്യൻ വ്യോമസേനയുടെ കീഴിലാകും. ജിഇ അതിന് ആവശ്യമായ സാങ്കേതിക സഹായം, ജീവനക്കാർക്കുള്ള പരിശീലനം, അനുബന്ധ ജോലിക്കാർ എന്നിവയെല്ലാം ലഭ്യമാക്കും.
സ്പെയർപാർട്സ്, മറ്റ് മെഷീനുകൾ എന്നിവയും ജനറൽ ഇലക്ട്രിക് ഉറപ്പാക്കും. ഇന്ത്യയും യുഎസും തമ്മിൽ ഇതാദ്യമായാണു മിലിറ്ററി സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനു ധാരണാപത്രം ഒപ്പിടുന്നത്.
വ്യോമസേന നിലവിൽ 35 തേജസ്സ് യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
വ്യോമസേനയ്ക്കുള്ള 180 തേജസ് മാർക്ക്1എ യുദ്ധവിമാനങ്ങളിലും ജിഇ എൻജിനുകളാണ് ഉപയോഗിക്കുന്നത്. ഇവയുടെ എൻജിൻ അറ്റകുറ്റപ്പണികൾക്കെല്ലാം പര്യാപ്തമായ നിലയിലാകും സംവിധാനം സജ്ജമാക്കുക.
തേജസിന്റെ അടുത്ത പതിപ്പ് എംകെ2 യുദ്ധവിമാനങ്ങൾക്കുള്ള എഫ്414 എൻജിനുകൾ ജിഇയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) ചേർന്നു നിർമിക്കുന്നതും സജീവ ചർച്ചകളിലുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്നാണു വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

