സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന മരുന്ന് ലഭ്യതക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി അടിയന്തര നടപടികളിലേക്ക് സർക്കാർ കടന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ മരുന്നുകളുടെ റീ-ടെൻഡർ നടപടികൾ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഔദ്യോഗികമായി അംഗീകരിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ കാരണമാണ് പുതിയ മരുന്നുകളുടെ പർച്ചേസ് ഓർഡർ വൈകിയതെന്നായിരുന്നു സർക്കാർ നൽകിയ വിശദീകരണം. എന്നാൽ, പുതിയ സർക്കാർ അധികാരത്തിൽ എത്തി മൂന്ന് മാസം പിന്നിട്ട
ശേഷമാണ് പർച്ചേസ് ഓർഡറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായത്.
ഇതിനിടയിൽ ചില നിർണായക മരുന്നുകൾക്കായി വീണ്ടും ടെൻഡർ ക്ഷണിക്കേണ്ടി വരികയും ചെയ്തു. റീ-ടെൻഡർ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കാതെ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ബോധപൂർവ്വം വൈകിപ്പിക്കുന്നുവെന്ന ആക്ഷേപം ശക്തമായതോടെയാണ് വിഷയം വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്.
ഇതിനെത്തുടർന്നാണ് ഭരണകേന്ദ്രങ്ങൾ റീ-ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയത്. അതേസമയം, പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി രാജസ്ഥാൻ, കർണാടക ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളുമായി ചേർന്ന് അടിയന്തരമായി മരുന്ന് എത്തിക്കാനുള്ള സാധ്യതകൾ തേടിയിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.
നിലവിലുള്ള വിതരണക്കാരുടെ കുടിശ്ശിക പൂർണ്ണമായി തീർക്കുന്നതിനായി ധനവകുപ്പിൽ നിന്നും അടിയന്തര സാമ്പത്തിക സഹായം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ് ഇപ്പോൾ ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

