മൂവാറ്റുപുഴ ∙ പ്ലസ്ടു പരീക്ഷാ മൂല്യനിർണയത്തിലുണ്ടായ പിഴവുമൂലം തുടർപഠനവും ഇഷ്ടപ്പെട്ട കരിയറും നഷ്ടമായ വിദ്യാർഥിനിക്കു കോടതിച്ചെലവ് ഉൾപ്പെടെ 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.
സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ, റീജനൽ ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്കാണു മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെ നിർദേശം. തൃക്കളത്തൂർ പണിക്കൊടിയിൽ സ്നേഹമോൾ മണിയാണു വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ നിയമപോരാട്ടം നടത്തിയത്.
മൂവാറ്റുപുഴ എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ 2019 മാർച്ചിൽ പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാർഥിനിക്ക് ഇക്കണോമിക്സ് ഒഴികെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇക്കണോമിക്സിൽ 57 മാർക്കാണു ലഭിച്ചത്.
എന്നാൽ പുനർമൂല്യനിർണയ ഫലം വന്നപ്പോൾ 80ൽ 80 മാർക്കും ലഭിച്ചു. 2019 ജൂലൈ 22ന് ഈ ഫലം വന്നപ്പോഴേക്കും റഗുലർ കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം അവസാനിച്ചിരുന്നു.
ഇതുകാരണം ആഗ്രഹിച്ച കോളജുകളിൽ പ്രവേശനം ലഭിച്ചില്ല. ഒടുവിൽ പഠിക്കാനായി കടം വാങ്ങി കാനഡയിലേക്കു പോകേണ്ടിവന്നു.
തുടർന്നാണ് 2021ൽ മൂവാറ്റുപുഴ മുൻസിഫ് കോടതിയെ സമീപിച്ചത്. പിഴവു വരുത്തിയ അധ്യാപകനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും വിദ്യാർഥിനിയുടെ കരിയർ നഷ്ടത്തിനു ഉത്തരവാദിത്തമില്ലെന്നും സർക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെട്ടതിനും കുട്ടിക്കുണ്ടായ മാനസിക സംഘർഷങ്ങൾക്കും അർഹിച്ച അംഗീകാരങ്ങൾ നിഷേധിക്കപ്പെട്ടതിനും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു കോടതി വിധിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ.സി.രാധാകൃഷ്ണൻ, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഒ.വി.അനീഷ് എന്നിവരുടെ പിന്തുണയോടെയായിരുന്നു നിയമപോരാട്ടം.
കാനഡയിലെ പഠനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലാണ് സ്നേഹമോൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

