മണർകാട് ∙ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവായുടെ ഒന്നാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു മണർകാട് പള്ളിയിൽ നാളെ (1) 51ന്മേൽ കുർബാന നടക്കും. രാവിലെ 7.30ന് പ്രഭാത പ്രാർഥനയെ തുടർന്നാണു 51ന്മേൽ കുർബാന നടക്കുക.
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാബാവാ മുഖ്യകാർമികത്വം വഹിക്കും. ഡോ.തോമസ് മാർ തിമോത്തിയോസ്, ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ്, പൗലോസ് മാർ ഐറേനിയോസ്, ഐസക് മാർ ഒസ്താത്തിയോസ് എന്നീ മെത്രാപ്പൊലീത്തമാരും കോറെപ്പിസ്കോപ്പമാർ, മണർകാട് കത്തീഡ്രലിലെ വൈദികരും, സഭ വൈദിക ട്രസ്റ്റി ഫാ.റോയി ജോർജ് കട്ടച്ചിറ, വൈദിക സംഘം സെക്രട്ടറി ഫാ.ജോബ് ഐപ് മങ്ങാട്ട്, സഭയിലെ വിവിധ തീർഥാടന ദേവാലയങ്ങളിൽ നിന്നുള്ള വൈദികരും കോട്ടയം ഭദ്രാസനത്തിലെ വൈദികരും സഹകാർമികത്വം വഹിക്കും.
51ന്മേൽ കുർബാനക്കായി മൂന്നു ദിവസം നോമ്പാചരിച്ചാണ് ഇടവക സമൂഹം ഒരുങ്ങുന്നത്. പതിനായിരം വിശ്വാസികൾ 51 ത്രോണോസുകൾ മണർകാട് ∙ പള്ളിയുടെ കിഴക്കേ മുറ്റത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വടവൃക്ഷത്തിന്റെ തണലിൽ ക്രമീകരിച്ച ജർമൻ മാതൃകയിലുള്ള പന്തലിലെ താൽക്കാലിക മദ്ബഹായിലാണ് കുർബാന അർപ്പണം നടക്കുക.
നാലു നിരകളിലായി 51 ത്രോണോസുകളാണ് ക്രമികരിച്ചിരിക്കുന്നത്. ഏറ്റവും മുകളിലെ നിരയിൽ മധ്യത്തിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാബാവായും മെത്രാപ്പൊലീത്തമാരും കുർബാന അർപ്പിക്കും.
രണ്ടാം നിരയിൽ കോറെപ്പിസ്കോപ്പമാരും തുടർന്നു പട്ടത്വ മൂപ്പനുസരിച്ചു വൈദികരും സഹകാർമികത്വം വഹിക്കും. ബലിപീഠത്തിൽ വിരിക്കുന്നതിനുള്ള ചിത്തോലകളും വിരികളും ചങ്ങനാശേരിയിൽ നിന്നും പ്രത്യേകമായ തൈപ്പിച്ച് പള്ളിയിൽ എത്തിച്ചു.
84 അടി നീളമുള്ള തിരശീല (മറ) താൽക്കാലിക മദ്ബഹായെയും പൊതുജനങ്ങൾനിൽക്കുന്ന ഭാഗത്തേയും വേർതിരിക്കും. മണർകാട് പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രത്തിന്റെ മാതൃകയാണ് താൽക്കാലിക മദ്ബഹയിൽ സ്ഥാപിച്ചിരിക്കുന്ന 32 അടി വലിപ്പമുള്ള ചിത്രത്തിലും.
മദ്ബഹയ്ക്കു താഴെ കാലം ചെയ്ത തോമസ് പ്രഥമൻ കാതോലിക്കാബാവായുടെ എട്ടടി ഉയരമുള്ള ചിത്രവും സ്ഥാപിക്കും. പതിനായിരം പേരെ ഉൾക്കൊള്ളാവുന്ന പന്തലാണ് ക്രമീകരിച്ചിരിക്കുന്നത്.
വിവിധ ഭാഗങ്ങളിൽ എൽഇഡി സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്. ശുശ്രൂഷകൾ തത്സമയ സംപ്രേഷണവും ഉണ്ടാകും.
ചടങ്ങുകൾ ഇങ്ങനെ നാളെ (1–11) ∙ രാവിലെ 7ന് കത്തീഡ്രൽ പള്ളിക്ക് ഉള്ളിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാബാവായുടെയും മെത്രാപ്പൊലീത്തമാരുടെയും കാർമികത്വത്തിൽ പ്രഭാത നമസ്കാരം ∙ ഏവൻഗേലിയോൻ (സുവിശേഷ വായന) ∙ പ്രദക്ഷിണം ( മുൻപിൽ മരക്കുരിശ്, മെഴുകുതിരികൾ എന്നിവയും ഇവയുടെ പിന്നിൽ കത്തീഡ്രൽ ട്രസ്റ്റിമാരും, സെക്രട്ടറി, തുടർന്നു അംശവസ്ത്രധാരികളായ വൈദികരും ഏറ്റവും പിന്നിൽ മെത്രാപ്പൊലീത്തമാരും ശ്രേഷ്ഠബാവായും താൽക്കാലിക മദ്ബഹയിലേക്കു നീങ്ങും) ∙ 8.30ന് ഒരുക്ക ശുശ്രൂഷയോടെ കുർബാന ആരംഭിക്കും. ∙ മാതാവിനോടുള്ള മധ്യസ്ഥ പ്രാർഥന.
∙ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവായെ അനുസ്മരിച്ച് ധൂപപ്രാർഥന, ∙ അനുസ്മരണ പ്രഭാഷണം ∙ കുർബാനക്കുശേഷം ഡോ.തോമസ് മാർ തിമോത്തിയോസ് സമാപന സന്ദേശം നൽകും. ∙ തുടർന്ന് നേർച്ചയപ്പം വിതരണം.
ചരിത്ര നിയോഗത്തിന് കാലം സാക്ഷി മണർകാട് ∙ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിനെ സംബന്ധിച്ചു അൻപത്തിയൊന്നിന്മേൽ കുർബാന ചരിത്ര നിയോഗമാണ്. കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവാ 1974 മുതൽ 2024വരെ സഭയെ നയിച്ചതിനെ ഓർമിച്ചും ഒന്നാം ഓർമപ്പെരുന്നാളിനോടും അനുബന്ധിച്ചാണ് 51ന്മേൽ കുർബാന അർപ്പിക്കുന്നത്.
1957ൽ ദേവാലയം അതിഥേയത്വമരുളിയ അഖില മലങ്കര പള്ളി പ്രതിപുരുഷയോഗവും, 1982ൽ സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ കാർമികത്വത്തിൽ നടന്ന മൂറോൻകൂദാശയുമാണ് പള്ളിയുടെ ചരിത്രത്തിലെ പ്രധാന ഏടുകളെന്നു കത്തീഡ്രൽ സഹവികാരി ജെ.മാത്യു മണവത്ത് കോറെപ്പിസ്കോപ്പ പറഞ്ഞു. ഇതിനുശേഷമുള്ള പ്രധാന സംഭവമായി 51ന്മേൽ കുർബാന മാറും.
മണർകാട് പള്ളിയും തോമസ് പ്രഥമൻ കാതോലിക്കാബാവായും തമ്മിലുള്ള ബന്ധവും ആഴമേറിയതായിരുന്നു. ഏതു പ്രതിസന്ധിയുടെ കാലത്തും മണർകാട് പള്ളിയിൽ പ്രാർഥനാപൂർവമെത്തി വിശുദ്ധ മദ്ബഹയിലെ ദർഗയിൽ മുട്ടിന്മേൽ നിന്നു പ്രാർഥിക്കും.
മദ്ബഹയിൽ നിന്നു മടങ്ങുന്നതു പ്രതിസന്ധിക്ക് ഉത്തരവുമായിട്ടാണ്. എല്ലാ എട്ടുനോമ്പു പെരുന്നാളുകളിലും ഏഴാം തീയതി പരിശുദ്ധ ബാവായുടെ മുഖ്യകാർമികത്വത്തിൽ മുന്നിന്മേൽ കുർബാനയും തുടർന്നു മധ്യസ്ഥപ്രാർഥനയും നടതുറക്കുന്ന ശുശ്രൂഷകൾക്കു നേതൃത്വം നൽകി നിറസാന്നിധ്യമായിരുന്നു ബാവാ.
ശാരീരിക അസ്വാസ്ഥങ്ങൾക്കു നടുവിലും ശ്രേഷ്ഠ ബാവായുടെ മഹാ പൗരോഹിത്യ സുവർണ ജൂബിലിയുടെ ഭാഗമായി 2023 ഓഗസ്റ്റ് 22ന് പള്ളിയിലേക്കെത്തിയ കാതോലിക്കാബാവായ്ക്കു ഇടവക വലിയ സ്വീകരണവും ഒരുക്കിയിരുന്നു. 51ന്മേൽ കുർബാനക്കുള്ള പൂർണമായതായി ട്രസ്റ്റിമാരായ സുരേഷ് കെ.ഏബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി.ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയ ചെമ്പോല, സെക്രട്ടറി പി.എ.ചെറിയാൻ പുത്തൻപുരക്കൽ എന്നിവർ അറിയിച്ചു.
കൂദാശ ഇന്ന്(31) മണർകാട് ∙ താൽക്കാലിക മദ്ബഹയുടെയും ബലിപീഠത്തിന്റെയും കൂദാശ ഇന്ന് (31) നടക്കും. വൈകിട്ട് 5ന് സന്ധ്യാപ്രാർഥനയെ തുടർന്നാണ് കൂദാശ ചടങ്ങുകൾ.
ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.തോമസ് മാർ തിമോത്തിയോസ് മുഖ്യകാർമികത്വം വഹിക്കും. ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു ജോസ് ചെന്നിക്കര, 51ന്മേൽ കുർബാനയുടെ കോഓർഡിനേറ്റർ ജെ.മാത്യു മണവത്ത്, മണർകാട് പള്ളി സഹവികാരിമാർ സഹകാർമികത്വം വഹിക്കും.
∙ 51അംഗ ഗായകസംഘം മണർകാട് പള്ളി ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നുള്ളവർ ചേർന്നാണ് കുർബാനയ്ക്കുള്ള ഗാനങ്ങൾ ആലപിക്കുക. 51അംഗ ടീമാണ് ഇതിനായി ഒരുങ്ങുന്നത്.
ഗായക പരിശീലനം ദേവാലയത്തിൽ ഇന്നത്തോടെ പൂർത്തിയാകും. ∙ പാർക്കിങ്, സജ്ജമായി 51 അംഗ കമ്മിറ്റി ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന മെത്രാപ്പൊലീത്തമാരുടെ വാഹനങ്ങൾ കത്തീഡ്രൽ മുറ്റത്തും വൈദികരുടെ വാഹനങ്ങൾ സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂളിനും സമീപവും പാർക്ക് ചെയ്യണം.
വിശ്വാസികളുടെ വാഹനങ്ങൾ പള്ളിയുടെ വടക്കുവശത്തെയും തെക്ക് വശത്തെയും ഗ്രൗണ്ടിലും സെന്റ് മേരീസ് ഐടിഐയുടെ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. ക്രമപരിപാലനത്തിനും നിർദേശങ്ങൾക്കും മാനേജിങ് കമ്മിറ്റി അംഗങ്ങളും ഭക്തസംഘടനകളും ഉൾപ്പെടുന്ന 51 അംഗ കമ്മിറ്റിയും നേതൃത്വം നൽകും.
കുർബാനയിൽ പങ്കെടുക്കാൻ എത്തുന്ന വിശ്വാസികൾക്കു ദാഹജലം, ആംബുലൻസ്, മെഡിക്കൽ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

