രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിനിടയിൽ സ്വരൂപിച്ച സമ്പാദ്യം മുഴുവൻ വിനിയോഗിച്ചാണ് കൊല്ലാട് മലമേൽക്കാവ് കല്ലുങ്കൽക്കടവ് മുല്ലശേരി പുത്തൻവീട്ടിൽ ഉമ്മൻ ജോൺ തനിക്കായി ഒരു വീട് നിർമിച്ചത്.
സിൽവർലൈൻ പദ്ധതി പ്രഖ്യാപിച്ച സമയത്ത് വീടിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ, ഗൃഹപ്രവേശനത്തിന് ഒരുങ്ങുന്നതിനിടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം പദ്ധതിയുടെ അലൈൻമെന്റിൽ ഉൾപ്പെട്ട
വിവരം, എംടി സെമിനാരി സ്കൂൾ മുൻ ഡപ്യൂട്ടി ഹെഡ്മിസ്ട്രസായ എലിസബത്ത് ജോൺ അറിയുന്നത്. മകന്റെ അധ്വാനഫലം നഷ്ടപ്പെടുമെന്ന ആശങ്കയിൽ അവർ സമരമുഖത്തിറങ്ങുകയായിരുന്നു.
പദ്ധതി കഴിഞ്ഞ അഞ്ച് വർഷമായി മരവിച്ച അവസ്ഥയിലാണെങ്കിലും, നിലനിൽക്കുന്ന അനിശ്ചിതത്വം കാരണം കുടുംബത്തിന് ഇതുവരെ ആ വീട്ടിലേക്ക് മാറിത്താമസിക്കാൻ സാധിച്ചിട്ടില്ല. ഇത്യോപ്യയിൽ മാർക്കറ്റിങ് മാനേജരായ ഉമ്മൻ ജോൺ അടുത്ത വർഷം മടങ്ങിയെത്തിയ ശേഷം ഗൃഹപ്രവേശം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
അതേസമയം, മാടപ്പള്ളി റീത്ത് പള്ളി ജംക്ഷനിലെ സിൽവർലൈൻ വിരുദ്ധ സമരപ്പന്തൽ 1490 ദിവസങ്ങൾ പിന്നിടുമ്പോൾ സമരസമിതിയിൽ ആശ്വാസത്തിന്റെ നിമിഷങ്ങളാണ്. പദ്ധതി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കിയതോടെ സമരപ്പന്തൽ പൊളിച്ചുമാറ്റാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ.
പന്തൽ പൊളിച്ചുമാറ്റുന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം സമരക്കാർ ആഗ്രഹിക്കുന്നു. അധികാരത്തിലെത്തിയാൽ പദ്ധതി റദ്ദാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം മുഖ്യമന്ത്രി പാലിക്കുമെന്ന പ്രതീക്ഷയിലാണ് സമിതി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമരസമിതി പ്രതിനിധികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. ‘നിങ്ങൾ പ്രതീക്ഷിക്കുന്ന വാർത്ത ഉടനെ എത്തും’ എന്ന് അദ്ദേഹം ഉറപ്പുനൽകിയതായി സമരക്കാർ വ്യക്തമാക്കി.
ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുന്നതോടെ സമരം അവസാനിപ്പിക്കുമെന്നും, നാളെ വൈകിട്ട് അഞ്ചിന് കോട്ടയം ഗാന്ധി സ്ക്വയറിൽ വിജയാഘോഷം സംഘടിപ്പിക്കുമെന്നും സമിതി അറിയിച്ചു. 2022 ഏപ്രിൽ 20-നാണ് മാടപ്പള്ളിയിൽ സമരപ്പന്തൽ ആരംഭിച്ചത്.
സമരനായിക റോസ്ലിൻ ഫിലിപ്പിന്റെ പുരയിടത്തിലായിരുന്നു ഈ സമരവേദി. അന്ന് റോസ്ലിനെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയ ദൃശ്യങ്ങൾ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
അന്ന് ആ കാഴ്ച കണ്ട് കരഞ്ഞോടിയ മകൾ സോമിയ മെറിൻ ഫിലിപ്പ് (12) ഇന്നലെ സമരവേദിയിലെത്തിയിരുന്നു. പദ്ധതി പിൻവലിച്ചുവെന്ന വാർത്ത അറിഞ്ഞതോടെ അമ്മയ്ക്കൊപ്പം വീണ്ടും അവർ ആ സ്ഥലത്തെത്തി.
‘ഇപ്പോൾ ഞാൻ ഹാപ്പിയാണ്.. മുഖ്യമന്ത്രി പറഞ്ഞില്ലോ കെറെയിൽ വരില്ലെന്ന്.
അന്ന് റോഡിൽ ഉരഞ്ഞ് അമ്മയുടെ കയ്യും കാലും പൊട്ടി ചോര വന്നിട്ടും പൊലീസ് ജീപ്പിലേക്ക് തള്ളിക്കയറ്റി.’ എന്ന് സോമിയ മെറിൻ ഫിലിപ്പ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

