പത്തനംതിട്ട ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും ലക്ഷ്യമിട്ട് നടപ്പിലാക്കിയ മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതി പാളുന്നു.
ലക്ഷക്കണക്കിന് രൂപ ചെലവിട്ട് പഞ്ചായത്തുകൾ വാങ്ങിയ കപ്പുകൾ വിതരണം ചെയ്യാതെ ആരോഗ്യ കേന്ദ്രങ്ങളിൽ കെട്ടിക്കിടന്ന് നശിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് നൂറ് ശതമാനം സബ്സിഡി നിരക്കിലാണ് കപ്പുകൾ നൽകേണ്ടിയിരുന്നത്.
പഞ്ചായത്തുകൾ, കുടുംബശ്രീ, ഗ്രാമസഭകൾ എന്നിവയുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളെ കണ്ടെത്തി സബ്സെന്ററുകൾ വഴി വിതരണം ചെയ്യാനായിരുന്നു തീരുമാനം. ഗുണഭോക്താക്കൾക്ക് കൃത്യമായ ബോധവൽക്കരണ ക്ലാസുകൾ നൽകിയ ശേഷം മാത്രം കപ്പുകൾ കൈമാറണമെന്നായിരുന്നു നിർദേശം.
എന്നാൽ, മിക്കയിടത്തും ബോധവൽക്കരണം കാര്യക്ഷമമല്ലാത്തതിനാൽ പദ്ധതി ലക്ഷ്യം കാണാതെ പോയി. പല പഞ്ചായത്തുകളിലും പദ്ധതിയുടെ അവസ്ഥ ആശങ്കാജനകമാണ്.
നാരങ്ങാനം പഞ്ചായത്തിൽ വികസനഫണ്ടിൽ നിന്ന് 3.44 ലക്ഷം രൂപ ചെലവിട്ട് 1150 മെൻസ്ട്രൽ കപ്പുകൾ വാങ്ങിയെങ്കിലും 205 എണ്ണം മാത്രമാണ് വിതരണം ചെയ്യാനായത്. ശേഷിക്കുന്ന 945 കപ്പുകൾ കടമ്മനിട്ട
കുടുംബാരോഗ്യ കേന്ദ്രത്തിലെയും സബ്സെന്ററുകളിലെയും അലമാരകളിൽ അവശേഷിക്കുന്നു. പന്തളം തെക്കേക്കര പഞ്ചായത്തിൽ ഒരു ലക്ഷം രൂപ മുടക്കി വാങ്ങിയ 333 കപ്പുകൾ ഒരെണ്ണം പോലും ഗുണഭോക്താക്കളിൽ എത്തിയില്ല.
ഗുണഭോക്താക്കളുടെ എണ്ണം മുൻകൂട്ടി കണക്കാക്കാതെ വാങ്ങിയതാണ് ഇവിടെ വിനയായത്. സമാനമായ സ്ഥിതിയാണ് മറ്റ് പഞ്ചായത്തുകളിലും.
കോന്നിയിൽ 52 എണ്ണവും, കടപ്രയിൽ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ബാക്കിയുള്ള 57 എണ്ണവും വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുകയാണ്. കുറ്റൂർ പഞ്ചായത്തിൽ 4.26 ലക്ഷം രൂപയ്ക്ക് വാങ്ങിയ 1423 കപ്പുകളിൽ 571 എണ്ണം ഇപ്പോഴും വിതരണം ചെയ്യാനുണ്ട്.
സാനിറ്ററി പാഡുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണ് മെൻസ്ട്രൽ കപ്പുകൾ. ആർത്തവകാലത്ത് ദീർഘനേരം ഉപയോഗിക്കാൻ കഴിയുന്ന ഇവ വർഷങ്ങളോളം പുനരുപയോഗിക്കാവുന്നതാണ്.
സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് അണുവിമുക്തമാക്കി ഇവ ഉപയോഗിക്കാം. എങ്കിലും, ഉപയോഗരീതികളെക്കുറിച്ചുള്ള അജ്ഞതയും ബോധവൽക്കരണത്തിന്റെ കുറവും പദ്ധതിക്ക് തടസ്സമാകുന്നു.
ആശാ പ്രവർത്തകരുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹകരണത്തോടെ ബോധവൽക്കരണം ശക്തമാക്കിയാൽ മാത്രമേ ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം കൈവരിക്കാനാകൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

