മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ, കർണാടകയിലെ മേക്കെദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെയും ശക്തമായ എതിർപ്പുമായി തമിഴ്നാട് സർക്കാർ രംഗത്ത്.
കാവേരി നദിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു പദ്ധതിക്ക് കേന്ദ്രം അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ടിവികെ സർക്കാർ ആലോചിക്കുന്നു. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രമേയമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.
പദ്ധതിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. കേരളം, പുതുച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ മേക്കെദാട്ടു പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ കർഷകരുടെ ഉപജീവനം അപകടത്തിലാക്കുന്നതാണ് ഈ പദ്ധതിയെന്ന് ടിവികെ സർക്കാർ ചൂണ്ടിക്കാട്ടുന്നു. ബെംഗളൂരു നഗരത്തിന്റെ കുടിവെള്ള ആവശ്യങ്ങൾക്കും വൈദ്യുതി ഉത്പാദനത്തിനുമായാണ് രാമനഗര ജില്ലയിലെ കനകപുരയ്ക്ക് സമീപം കാവേരി നദിയിൽ കർണാടക അണക്കെട്ട് നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
തമിഴ്നാട് അതിർത്തിയിൽ നിന്ന് നാല് കിലോമീറ്റർ മാത്രം അകലെയുള്ള ഈ നിർമാണം വലിയ ആശങ്കയാണ് കാർഷിക മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ നയങ്ങളിൽ മാറ്റമില്ലെന്ന് സർക്കാർ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നയപ്രഖ്യാപനത്തിലൂടെ സർക്കാർ നിലപാട് കടുപ്പിച്ചത്. പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് സർക്കാർ അറിയിച്ചു.
അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും, സുപ്രീം കോടതിയുടെ അനുമതിയോടെ ജലനിരപ്പ് 152 അടിയായി ഉയർത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

