സംസ്ഥാനത്ത് എം പോക്സ് (M-pox) ബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ 43 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഈ വർഷം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ എം പോക്സ് കേസാണിത്. അതേസമയം, സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികൾ വ്യാപകമായി പടരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ന് മാത്രം 19 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 68 പേർക്ക് ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്നത്തെ കണക്കുകൾ പ്രകാരം ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്ത ജില്ലകൾ ഇവയാണ്:
തിരുവനന്തപുരം (2), കൊല്ലം (1), എറണാകുളം (1), തൃശ്ശൂർ (3), മലപ്പുറം (1), കോഴിക്കോട് (9), കണ്ണൂർ (2). ഈ വർഷം ഇതുവരെ 186 ഷിഗെല്ല കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതിൽ 110 കേസുകളും ജൂൺ മാസത്തിൽ മാത്രമാണ് രേഖപ്പെടുത്തിയത്. രോഗവ്യാപനം കണക്കിലെടുത്ത് കോഴിക്കോട് (33), വയനാട് (18), തൃശ്ശൂർ (9), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിൽ നിലവിൽ ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7) എന്നിവിടങ്ങളിലും ഈ മാസം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. മഴക്കാലം തുടങ്ങിയതോടെ ഷിഗെല്ലോസിസ് ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ വർദ്ധിക്കുകയും, ഇത് കുട്ടികളുടെ മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു.
കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം, വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. 2026 ജൂൺ 16 മുതൽ ജൂലൈ 31 വരെയാണ് ഈ ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കുകയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

