കൊല്ലം ∙ ദേശീയപാത നിർമാണത്തിനിടെ വീണ്ടും അപകടം. 20 അടിയിലധികം ഉയരത്തിൽ നിന്ന് ആർഇ പാനൽ (റീ ഇൻഫോഴ്സ്ഡ് എർത്ത് വോൾ പാനൽ) ഇളകി സർവീസ് റോഡിലേക്കു വീണു.
വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കുടുംബം തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ഒന്നരയോടെ അയത്തിൽ ജംക്ഷനിലാണ് കോൺക്രീറ്റ് പാനൽ നിലം പതിച്ചത്.
അടിപ്പാതയോട് ചേർന്ന്, കല്ലുംതാഴം ഭാഗത്തേക്കു മണ്ണിട്ട് ഉയർത്തി നിർമിക്കുന്ന റോഡിൽ നിന്നാണ് പാനൽ ഇളകി വീണത്. ഇതിനോടു ചേർന്നുള്ള മറ്റൊരു ആർഇ പാനൽ പൊട്ടിയ നിലയിലാണ്.
കാറിൽ വന്ന മൂന്നംഗ കുടുംബവും അപകടത്തിനു തൊട്ടുമുൻപു കടന്നുപോയ ബൈക്ക് യാത്രക്കാരും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്.
ബുധൻ രാത്രി ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ജോലിക്കാർ മടങ്ങിയ ശേഷമാണ് പാനൽ ഇളകി വീണത്.
എപ്പോഴും വാഹനത്തിരക്കുള്ള ഇവിടെ പകൽ ആയിരുന്നു അപകടം നടന്നതെങ്കിൽ വലിയ ദുരന്തമായി മാറുമായിരുന്നു.റോഡ് നിർമാണ കരാർ സ്ഥാപനത്തിലെ ജീവനക്കാർ എത്തി, ക്രെയിൻ ഉപയോഗിച്ചു പാനൽ നീക്കം ചെയ്തു. പൊലീസും സ്ഥലത്തെത്തി.
തൂണുകളിൽ ഫ്ലൈ ഓവർ നിർമിക്കണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തിവരുന്ന അയത്തിൽ ജനകീയ സമരസമിതി ഇന്നലെ രാവിലെ സർവീസ് റോഡിലെ ഗതാഗതം തടഞ്ഞു. പൊലീസ് ഇവരെ നീക്കം ചെയ്തു. കലക്ടർ സ്ഥലം സന്ദർശിക്കാമെന്ന് ഉറപ്പു നൽകിയതായി സമര സമിതി ചെയർമാൻ അൻവർ ചാണിക്കൽ പറഞ്ഞു.
പറക്കുളത്തും വിള്ളൽ കണ്ടു; പ്രതിഷേധിച്ച് നാട്ടുകാർ
കൊല്ലം∙ നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66ൽ കൊട്ടിയം പറക്കുളം ഭാഗത്ത് റീഇൻഫോഴ്സ്ഡ് എർത്ത് (ആർഇ) പാനൽ ഭിത്തി ഇരുത്തി വിള്ളലുണ്ടായി.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഗതാഗതം തടഞ്ഞു. ഇതോടെ നിർമാണം തൽക്കാലത്തേക്കു നിർത്തി.
പഴയ കലുങ്കിനു മുകളിൽ മണ്ണിട്ട് ഉയർത്തിയ ഉയരപ്പാതയ്ക്കു പകരം തൂണുകളിലെ മേൽപാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാലു മാസം മുൻപ് ഇതേ റോഡിന്റെ മുകൾ പരപ്പിലെ ടാറിങ്ങിൽ വിള്ളൽ കണ്ടെത്തിയിരുന്നു.
ആ ഭാഗത്തായാണ് വിള്ളലും തള്ളലും ഉച്ചയോടെ നാട്ടുകാർ കണ്ടത്. തുടർന്നായിരുന്നു ഉപരോധം.
എൻ.കെ. പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം.
നൗഷാദ്, ജി.എസ്. ജയലാൽ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.
കലക്ടർ എത്തി പ്രശ്നത്തിനു പരിഹാരം നിർദേശിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
കലക്ടറുടെ തിരക്ക് കണക്കിലെടുത്ത് ദേശീയപാത വിഭാഗം ഡപ്യൂട്ടി കലക്ടർ അനിൽ ഫിലിപ്പിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി. ഒരാഴ്ചത്തേക്ക് നിർമാണം നിർത്തിവയ്ക്കും. രണ്ടു ദിവസത്തിനുള്ളിൽ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പഠനസംഘത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തും.
എൻഎച്ച്എഐ പ്രതിനിധികളും കരാർ കമ്പനിയായ ശിവാലയയുടെ പ്രതിനിധികളും സംഭവ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. പ്രതിഷേധത്തെ തുടർന്ന് കൊട്ടിയം–കൊല്ലം ഭാഗത്തേക്കുള്ള ഗതാഗതം ഏറെ നേരം സ്തംഭിച്ചു.
പൊലീസ് എത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷമാണ് വാഹനങ്ങൾ ഓടിത്തുടങ്ങിയത്.
കൊട്ടിയം സംയുക്ത സമരസമിതി, പറക്കുളം ജനകീയ സമിതി, ഉമയനല്ലൂർ ജനകീയ സമര സമിതി, റൈസിങ് കൊട്ടിയം, കൊട്ടിയം പൗരവേദി എന്നിവയുടെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരുമടക്കം പ്രതിഷേധത്തിൽ പങ്കുചേർന്നു. മൈലക്കാട്ട് മണ്ണിട്ടുയർത്തിയ ഭാഗം ഇരുത്തിയതിനെ തുടർന്ന് സർവീസ് റോഡ് വിണ്ടു കീറി യാത്ര അപകടത്തിലായിരുന്നു.
അവിടെയും പഴയൊരു കലുങ്കിനു മുകളിലാണ് മണ്ണിട്ട് ഉയർത്തിയുള്ള റോഡ് നിർമാണം നടന്നത്. പറക്കുളം ഭാഗത്തും സമാന സ്ഥിതി വിശേഷം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. മൈലക്കാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ കാവനാട്–കടമ്പാട്ടുകോണം റീച്ചിൽ ടികെഎം എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ആ റിപ്പോർട്ടിൽ പറക്കുളം ഭാഗത്ത് ബലക്കുറവുണ്ടെന്നു പറയുന്നുണ്ട്. ഉടനടി നടപടിയുണ്ടാകുമെന്ന് പറഞ്ഞെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും നടപടിയായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

