കൊല്ലം ജില്ലയിലെ കല്ലടയാറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ സാഹസികമായി ജീവിതത്തിലേക്ക് തിരികെ എത്തിച്ച് നാട്ടുകാരായ യുവാക്കൾ.
ഏറത്തുകുളക്കട കണ്ണങ്കോട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ, വടശേരിൽ വീട്ടിൽ വിശാഖ് എന്നിവരാണ് യോജിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ യുവതിയുടെ ജീവൻ രക്ഷിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. മറുകരയിൽനിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് ആറിന് സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണനും വിശാഖും ഓടിയെത്തിയത്.
നദിയിൽ ഒഴുക്കിൽപെട്ട സ്ത്രീയെ ആദ്യം കണ്ടത് ഉണ്ണികൃഷ്ണനാണ്.
പിന്നാലെ വിശാഖും സ്ഥലത്തെത്തി. ആറ്റിലെ വള്ളിപ്പടർപ്പിൽ പിടി കിട്ടിയതോടെ യുവതി അതിൽ പിടിച്ചു കിടക്കുകയായിരുന്നു.
ഒരിക്കലും പിടിവിടാതിരിക്കാൻ ആവശ്യമായ ധൈര്യവും നിർദേശങ്ങളും ഇരുവരും യുവതിക്ക് നിരന്തരം നൽകിക്കൊണ്ടിരുന്നു. ഇതിനിടയിൽ പഞ്ചായത്ത് മെമ്പർ സുജിത് കുമാറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തക സംഘത്തെ ഉടൻ തന്നെ ഏനാത്ത് പാലത്തിന്റെ ഭാഗത്തുൾപ്പെടെ സജ്ജീകരിക്കുകയും ചെയ്തു.
ഒഴുക്ക് ശക്തമായിരുന്നെങ്കിലും വള്ളിപ്പടർപ്പിൽ പിടിവിടാതിരുന്ന സ്ത്രീക്ക് ഉണ്ണികൃഷ്ണനും വിശാഖും ചേർന്നു കയർ എറിഞ്ഞു കൊടുത്ത് സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു. തുടർന്ന് ഏനാത്ത് പൊലീസ് സ്ഥലത്തെത്തിയാണ് യുവതിയെ അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അന്തമണിനു സമീപത്തെ മൂഴിക്കൽ കടവിൽ നിന്നാണ് ഇവർ വെള്ളത്തിൽ വീണത് എന്ന് വ്യക്തമായിട്ടുണ്ട്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ് ഉണ്ണികൃഷ്ണൻ.
വിശാഖ് എൻജിനീയറിങ് വിദ്യാർത്ഥിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

