കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി മോഷണം. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ക്ഷേത്രത്തിൽ മോഷണവും അക്രമവും നടന്നത്.
സംഭവത്തിൽ ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്ത് കടന്ന മോഷ്ടാവ്, ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ വൈഷ്ണവിനെ ഒരു മുറിയിൽ പൂട്ടിയിടുകയായിരുന്നു.
പിക്കാസുമായി എത്തിയ പ്രതി, ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന് മേശവലിപ്പ് കുത്തിത്തുറന്നാണ് പണം കവർന്നത്. തുടർന്ന് ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും പണം നഷ്ടമായില്ല.
ഇതിനുശേഷം ക്ഷേത്രനടയിലെ മേശയും, വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരവും തകർത്ത് പ്രതി പണം കവരുകയായിരുന്നു. ക്ഷേത്രത്തിന്റെ പിൻവശത്തെ ഭണ്ഡാരം തകർക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് വാതിൽ തള്ളിത്തുറന്ന് പുറത്തെത്തുകയും മോഷ്ടാവുമായി ഏറ്റുമുട്ടുകയും ചെയ്തു.
“പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന് സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു.” ജീവനക്കാരനെ തള്ളിമാറ്റി പ്രതി മതിലിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് പ്രതി ഉപേക്ഷിച്ച രണ്ട് ടോർച്ചുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കണ്ണൂർ ടൗൺ പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി. പ്രതിയും ജീവനക്കാരനും തമ്മിലുണ്ടായ മൽപ്പിടുത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

