മധ്യപൂർവദേശത്ത് സംഘർഷാവസ്ഥ അതിരൂക്ഷമായി തുടരുന്നതിനിടയാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. ഇറാന്റെ ഊർജമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്താൻ യുഎസ് സൈന്യത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ സൈനിക നീക്കങ്ങളിൽ ഇസ്രയേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ സൈന്യത്തിന് എതിരെയുള്ള നീക്കങ്ങൾക്ക് കനത്ത വില നൽകേണ്ടിവരുമെന്നും, നയതന്ത്ര ചർച്ചകളുടെ സാധ്യതകൾ നിലനിൽക്കുമ്പോഴും സൈനിക നടപടികൾ ശക്തമാക്കുമെന്നുമാണ് മുന്നറിയിപ്പ്. എന്നാൽ, ആക്രമണത്തിനുള്ള പ്രാഥമിക തയ്യാറെടുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും അന്തിമ അനുമതി പൂർണ്ണമായി നൽകിയിട്ടില്ലെന്നും സൂചനയുണ്ട്.
മേഖലയിൽ സമ്പൂർണ്ണ യുദ്ധം ഉണ്ടായാൽ അത് വലിയ സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുമെന്ന് വൈറ്റ് ഹൗസ് ക്യാബിനറ്റ് യോഗത്തിൽ ചില ഉപദേശകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടയിൽ യു.എസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ ഇറാനിലെ പ്രമുഖ സൈനിക ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ച് ബോംബാക്രമണങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്.
ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളും അടിസ്ഥാന ഊർജ്ജ സൗകര്യങ്ങളും ലക്ഷ്യമിട്ട് യു.എസ്, ഇസ്രായേൽ സേനകൾ സംയുക്തമായി ആക്രമണങ്ങൾ വ്യാപിപ്പിച്ചു. അമേരിക്ക മുന്നോട്ടുവെക്കുന്ന വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ആക്രമണങ്ങളും തിരിച്ചടികളും ശക്തമായതോടെ പേർഷ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും ചരക്ക് ഗതാഗതവും എണ്ണ വിതരണവും തടസ്സപ്പെടാൻ സാധ്യതയേറെയാണ്. ഇത് ആഗോള എണ്ണവിലയെയും വിപണിയെയും ഗുരുതരമായി ബാധിച്ചേക്കാം.
ഇരുവിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം കടുത്തതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

