സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ പ്രധാന മലയോര പാതകളിൽ ഗതാഗത നിയന്ത്രണം നിലവിൽ വന്നു. കോഴിക്കോട് – വയനാട് അന്തർജില്ലാ പാതയായ താമരശ്ശേരി ചുരത്തിലൂടെയുള്ള വാഹന ഗതാഗതത്തിന് കോഴിക്കോട് ജില്ലാ കലക്ടര്‍ ഔദ്യോഗികമായി ഉത്തരവ് പുറപ്പെടുവിച്ചു.
ഇതിന്റെ ഭാഗമായി ചുരത്തിലൂടെയുള്ള ഹെവി വാഹനങ്ങൾ, മൾട്ടി ആക്സിൽ ലോറികൾ, ട്രെയിലറുകൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പ്രവേശനം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഈ വിഭാഗത്തിൽപ്പെട്ട
വാഹനങ്ങൾ പകരം സംവിധാനമായി കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ യാത്ര തിരിക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, വിനോദസഞ്ചാര ആവശ്യങ്ങൾക്കായി എത്തുന്ന വാഹനങ്ങൾക്കും അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങൾക്കും താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.
അതേസമയം, കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ, ആംബുലൻസുകൾ, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, സിവിൽ ഡിഫൻസ് വിഭാഗം, പൊലീസ് വാഹനങ്ങൾ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നേരിട്ട് ചുമതലപ്പെടുത്തിയിട്ടുള്ള വാഹനങ്ങൾ എന്നിവയ്ക്ക് ഈ നിയന്ത്രണങ്ങളിൽ ഇളവ് ബാധകമായിരിക്കും. അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് അധികാരികൾ വ്യക്തമാക്കി.
ചുരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ കൃത്യമായി പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റിൽ ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുവാൻ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമേ, പൊതുമരാമത്ത് ദേശീയപാത വിഭാഗം, വനം വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ചുരമേഖലകളിൽ നിരന്തരമായ പട്രോളിംഗും ഉറപ്പാക്കിയിട്ടുണ്ട്.
നിലവിലുള്ള പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ, കോഴിക്കോട് – വയനാട് ജില്ലകൾക്കിടയിലുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ജനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് കലക്ടറുടെ അഭ്യർത്ഥനയുണ്ട്. മറ്റൊരു സംഭവത്തിൽ, കണ്ണൂർ – വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ – പാൽചുരം റോഡിലും യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഞായർ രാവിലെ ആറു മണി വരെയാണ് ഈ പാതയിൽ ഗതാഗത നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉള്ളതിനാലും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലുമാണ് ഈ മുൻകരുതൽ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

