ആമ്പല്ലൂർ മേഖലയിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ അശാസ്ത്രീയമായ അടിപ്പാത നിർമാണം പ്രദേശത്ത് ഗുരുതരമായ വെള്ളക്കെട്ടിന് കാരണമാകുമെന്ന ആശങ്ക ഉയരുന്നു. കേളിത്തോട് മുതൽ മണലിപ്പുഴ വരെ വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള ഡ്രെയ്നേജ് സംവിധാനം ഒരുക്കാത്തതാണ് പ്രദേശവാസികളെയും ജനപ്രതിനിധികളെയും ആശങ്കയിലാഴ്ത്തുന്നത്.
ദേശീയപാതയിലെ അടിപ്പാതയുള്ള ഭാഗങ്ങളിൽ നിന്ന് പടിഞ്ഞാറോട്ട് ഒഴുകുന്ന വെള്ളം പൂർണമായും നെന്മണിക്കര ഭാഗത്തേക്കാണ് എത്തിച്ചേരുന്നത്. ഈ ജലം സുരക്ഷിതമായി ഒഴുക്കിക്കളയാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നെന്മണിക്കര പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ആമ്പല്ലൂരിലെത്തി സ്ഥലപരിശോധന നടത്തി.
പ്രശ്നം രൂക്ഷമായാൽ നെന്മണിക്കരയിലേക്കുള്ള മൂന്ന് പ്രധാന റോഡുകളുടെ പ്രവേശന കവാടങ്ങളിലും ചെളിയും വെള്ളക്കെട്ടും നിറയാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യം തുടർന്നാൽ അഞ്ഞൂറിലധികം വീടുകൾ, വിവിധ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെടുകയോ അപകടാവസ്ഥയിലാവുകയോ ചെയ്യും.
ദേശീയപാത മറികടന്ന് വരുന്ന വെള്ളം മണലിപ്പുഴയിലേക്ക് ഒഴുക്കിക്കളയാൻ ആവശ്യമായ ശാസ്ത്രീയ സംവിധാനങ്ങൾ അടിയന്തരമായി നിർമിക്കണമെന്നാണ് പഞ്ചായത്ത് കമ്മിറ്റിയുടെ ആവശ്യം. പരിശോധനാ വേളയിൽ നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, പഞ്ചായത്ത് അംഗം വി.ആർ.സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

