കണ്ണൂർ സെൻട്രൽ ജയിൽ പരിസരവും അകത്തളങ്ങളും ഇപ്പോൾ മുല്ലപ്പൂക്കളുടെ സുഗന്ധത്താൽ സമ്പന്നമാണ്. ജയിലിൽ നടപ്പിലാക്കിയ മുല്ലപ്പൂ കൃഷി വൻ വിജയമായി മാറിയതോടെയാണിത്.
ഹരിത കേരള മിഷന്റെയും കതിരൂർ സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ജയിലിനു മുന്നിലും വിവിധ ബ്ലോക്കുകളിലുമായി സജ്ജീകരിച്ച 2500 ചട്ടി മുല്ലച്ചെടികൾ നിലവിൽ പൂവിടാൻ തുടങ്ങിയിട്ടുണ്ട്.
ഈ പൂക്കൾ അടുത്ത ദിവസങ്ങളിൽ തന്നെ നഗരത്തിലെ പൂക്കടകളിൽ വിൽപ്പനയ്ക്കായി എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജയിൽ അന്തേവാസികളിൽ ഗുണപരമായ മാനസിക പരിവർത്തനം ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന വിവിധ കൃഷി-മൃഗപരിപാലന പദ്ധതികളുടെ ഭാഗമായാണ് മുല്ലക്കൃഷിയും ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി മുല്ലപ്പൂക്കൾ കൊണ്ട് മാല കോർക്കുന്നതിനുള്ള പ്രത്യേക പരിശീലനവും അന്തേവാസികൾക്ക് നൽകിയിട്ടുണ്ടെന്ന് ജയിൽ സൂപ്രണ്ട് കെ.വേണു അറിയിച്ചു. ഡപ്യൂട്ടി പ്രിസൺ ഓഫിസർ കെ.കെ.ബൈജുവിനാണ് കൃഷിയുടെ മേൽനോട്ട
ചുമതല നൽകിയിട്ടുള്ളത്. അന്തേവാസികളുടെ സജീവ പങ്കാളിത്തത്തോടെയുള്ള ഹരിതകർമസേനയാണ് ചെടികളുടെ പരിപാലന കാര്യങ്ങൾ നോക്കിനടത്തുന്നത്.
നിലവിൽ 45 ഏക്കർ സ്ഥലത്താണ് ജയിലിന്റെ നേതൃത്വത്തിൽ വിവിധ കൃഷികൾ നടത്തിവരുന്നത്. ഇതിൽ 15 ഏക്കർ ജയിൽ വളപ്പിനുള്ളിലും 30 ഏക്കർ പുറത്തുമായാണ് സ്ഥിതി ചെയ്യുന്നത്.
തെങ്ങ്, റബർ, കശുമാവ്, മാവ്, പ്ലാവ്, പപ്പായ, കുരുമുളക് തുടങ്ങിയ ദീർഘകാല വിളകൾക്ക് പുറമേ വിവിധ പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, വാഴ, തണ്ണിമത്തൻ, ചെണ്ടുമല്ലി എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കൃഷിക്കൊപ്പം തന്നെ മൃഗപരിപാലന മേഖലയിലും ജയിൽ മാതൃക തീർക്കുന്നുണ്ട്.
61 പശുക്കളും 60 ആടുകളും അടങ്ങിയ ഫാമിന് പുറമെ മൂന്ന് യൂണിറ്റുകളിലായി 1,500 ഇറച്ചിക്കോഴികളെയും ഇവിടെ വളർത്തുന്നുണ്ട്. ജയിലിൽ തയ്യാറാക്കുന്ന ബിരിയാണിയിൽ ഉപയോഗിക്കുന്നത് ഇവിടെ വളർത്തുന്ന കോഴികളെ ഇറച്ചിയാക്കിയാണ്.
വരാനിരിക്കുന്ന ഓണവിപണി മുന്നിൽക്കണ്ട് 5000 ചെണ്ടുമല്ലി കൂടി കൃഷി ചെയ്തിട്ടുണ്ടെന്ന് സാങ്കേതിക സഹായങ്ങൾ നൽകുന്ന പുഴാതി കൃഷി ഓഫിസർ ഇ.പ്രമോദ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

