കണ്ണൂർ ∙ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഒരു മുഴം മുൻപേ ബിജെപി. 42 ഡിവിഷനുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
എല്ലാ ഡിവിഷനിലും ബിജെപി മത്സരിക്കുമെന്നും വരുംദിവസങ്ങളിൽ ബാക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു സീറ്റ് നേടാനായിരുന്നു.
കോർപറേഷനിൽ എൽഡിഎഫും യുഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
നിലവിൽ പ്രഖ്യാപിച്ച 42 സീറ്റിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള വനിത മത്സരിക്കുന്നുണ്ട്. അതേസമയം, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ആരും ഇല്ല.
ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നു കൂടുതൽ പേരെ മത്സരരംഗത്തേക്കു കൊണ്ടുവരണമെന്നു പാർട്ടി നിർദേശമുണ്ട്. സ്ഥാനാർഥി പട്ടിക പൂർത്തിയായിട്ടില്ലെന്നും എല്ലാ സമുദായത്തിൽ നിന്നുള്ളവരേയും ഉൾക്കൊള്ളിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഒരു സീറ്റ് ബിഡിജെഎസിന് നൽകിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികളെയും ഉടൻ പ്രഖ്യാപിക്കും. ജമാഅത്തെ ഇസ്ലാമിയേയും സലഫിസത്തേയും നിരോധിക്കണമെന്നും അവരാണ് രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു.
വൈറ്റ് കോളർ ഭീകരവാദത്തിനും അർബൻ ഭീകരവാദത്തിനും പിന്നിൽ അവരാണ്. സിഎഎയ്ക്കെതിരെ നടത്തിയതുപോലെയുള്ള നുണപ്രചാരണമാണ് എസ്ഐആറിനെതിരെയും നടത്തുന്നത്.
രാജ്യത്ത് പൗരത്വം കിട്ടുന്നതിന് മുമ്പ് തന്നെ വോട്ടർപട്ടികയിൽ പേരുണ്ടായിരുന്ന ഒരേ ഒരാൾ സോണിയ ഗാന്ധി ആയിരുന്നു. കോടതിയുടെ ഇടപെടൽ കൊണ്ടാണ് എൻ.വാസുവിനെ അറസ്റ്റു ചെയ്തത്.
അല്ലാതെ പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായതുകൊണ്ടല്ല –അബ്ദുല്ലക്കുട്ടി പറഞ്ഞു. കണ്ണൂർ നോർത്ത് പ്രസിഡന്റ് കെ.കെ.വിനോദ് കുമാറും സ്ഥാനാർഥികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

