ഉപയോഗിച്ച കാറുകളുടെ വിപണന രംഗത്തെ പ്രമുഖ പ്ലാറ്റ്ഫോമായ ‘സ്പിന്നി’ പ്രാരംഭ ഓഹരി വിൽപനയ്ക്കായി (ഐപിഒ) രഹസ്യമായി അപേക്ഷ സമർപ്പിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ പിന്തുണയ്ക്കുന്ന കമ്പനിയാണിത്.
2500-3000 കോടി രൂപ വരെ വിപണിയിൽ നിന്നും സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ഓഹരികളുടെ പ്രകാശനം വഴിയും നിലവിലുള്ള നിക്ഷേപകരുടെ ഓഹരി വിൽപന (ഒഎഫ്എസ്) വഴിയുമായി 2027ലായിരിക്കും ഐപിഒ യാഥാർത്ഥ്യമാവുക.
മാതൃസ്ഥാപനമായ വാല്യൂഡ്രൈവ് ടെക്നോളജീസിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമായ സ്പിന്നി, സമീപകാലത്താണ് പബ്ലിക് ലിമിറ്റഡ് കമ്പനിയായി രൂപംമാറിയത്. ഇതിനുപിന്നാലെ തന്നെ കമ്പനി ഐപിഒയിലേക്ക് കടക്കുമെന്ന സൂചനകൾ നിക്ഷേപക വൃത്തങ്ങളിൽ സജീവമായിരുന്നു.
2024-25 സാമ്പത്തിക വർഷത്തിൽ 4657 കോടി രൂപയായിരുന്നു കമ്പനിയുടെ പ്രവർത്തന വരുമാനം. മുൻവർഷം ഇത് 3730 കോടി രൂപയായിരുന്നു.
2025-26 സാമ്പത്തിക വർഷത്തിൽ 6000 കോടി രൂപ വരുമാനം നേടാൻ കമ്പനിക്ക് സാധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നടപ്പു സാമ്പത്തിക വർഷത്തിൽ ഏകദേശം 30 ശതമാനം വരെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഓൺലൈൻ വഴിയും അല്ലാതെയുമുള്ള കാർ വാങ്ങൽ-വിൽപന സേവനങ്ങൾ നൽകുന്ന സ്പിന്നി, 2015ൽ നിരാജ് സിങ്, മോഹിത് ഗുപ്ത, രമാൻഷു മഹൗർ എന്നിവർ ചേർന്നാണ് ആരംഭിച്ചത്. രാജ്യത്തെ 25 നഗരങ്ങളിൽ സാന്നിധ്യമുള്ള ഈ സ്ഥാപനം പ്രതിമാസം 15,000 കാറുകൾ വിൽപന നടത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതുവരെ 78 കോടി ഡോളറാണ് കമ്പനി നിക്ഷേപമായി സമാഹരിച്ചത്. 2021ൽ 100 കോടി ഡോളർ മൂല്യമുള്ള യൂണികോൺ പദവി നേടിയ സ്പിന്നിയുടെ മൂല്യം, ഫെബ്രുവരി 27ലെ കണക്കുപ്രകാരം 120 കോടി ഡോളറാണ് (ഏകദേശം 11,500 കോടി രൂപ).
2025 മാർച്ചിൽ 17,700 കോടി രൂപയെന്ന റെക്കോർഡ് മൂല്യത്തിലും കമ്പനി എത്തിച്ചേർന്നിരുന്നു. പ്രമുഖ നിക്ഷേപകരുടെ പങ്കാളിത്തം
ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, ക്രെഡ് സ്ഥാപകൻ കുനാൽ ഷാ, പ്രശസ്ത നിക്ഷേപകൻ ഹർഷ് ചൗള എന്നിവരടങ്ങുന്ന ഏയ്ഞ്ചൽ നിക്ഷേപകരാണ് സ്പിന്നിക്ക് പിന്നിലുള്ളത്.
ഇതിൽ സച്ചിൻ തെൻഡുൽക്കർ മാത്രം അഞ്ച് ഘട്ടങ്ങളിലായി 25 കോടി രൂപയോളമാണ് നിക്ഷേപിച്ചിട്ടുള്ളത്. കൂടാതെ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റൽ, ഫിഡെലിറ്റി ഇൻവെസ്റ്റ്മെന്റ്, സമ്മിറ്റ് പാർട്ണേഴ്സ്, ഇലവേഷൻ ക്യാപിറ്റൽ, ബ്ലാക്ക് സോയിൽ, ഇന്ത്യൻ ഏയ്ഞ്ചൽ നെറ്റ്വർക്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
എന്തുകൊണ്ട് രഹസ്യ അപേക്ഷ?
ബിസിനസുമായി ബന്ധപ്പെട്ട അതിനിർണായക വിവരങ്ങൾ പുറത്തറിയാതിരിക്കാൻ കമ്പനികൾ ഐപിഒയ്ക്കായി ‘കോൺഫിഡൻഷ്യൽ’ അപേക്ഷ (ഡിആർഎച്ച്പി) നൽകുന്നത് സാധാരണമാണ്.
ഇത്തരത്തിലുള്ള അപേക്ഷകളിലെ സാമ്പത്തിക സ്ഥിതിയും മറ്റ് ബിസിനസ് വിവരങ്ങളും സെബി തികച്ചും രഹസ്യമായാണ് പരിശോധിക്കുന്നത്. ഇതിലൂടെ സെബിയുടെ വിലയിരുത്തലുകൾ അറിയാനും കമ്പനിക്ക് സാധിക്കും.
ഐപിഒ നടപ്പാക്കേണ്ട കൃത്യമായ സമയം, സമാഹരിക്കേണ്ട
തുക, കമ്പനിയുടെ മൂല്യ നിർണയം തുടങ്ങിയ നിർണായക കാര്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കാൻ ഇതിലൂടെ സാധിക്കും. ആവശ്യമെങ്കിൽ അപേക്ഷയിൽ ആവശ്യമായ ഭേദഗതികളും വരുത്താം.
ഈ നടപടികൾക്ക് ശേഷമായിരിക്കും ഐപിഒ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

