തൊടുപുഴ കോലാനിക്ക് സമീപം പ്രവർത്തിക്കുന്ന മെത്ത നിർമാണക്കമ്പനിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ഫാക്ടറിയുടെ സമീപത്ത് മറ്റ് കെട്ടിടങ്ങളോ മറ്റ് സ്ഥാപനങ്ങളോ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് വഴിമാറിയത്.
മണിക്കൂറുകളോളമാണ് ഫാക്ടറിക്കുള്ളിൽ തീകത്തിപ്പടർന്നത്. ഈ സമയത്ത് തൊട്ടുപിന്നിലുള്ള പറമ്പിലേക്ക് തീ പടരാതിരുന്നത് രക്ഷയായി.
സ്പോഞ്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ കത്തിയമർന്നതിനെ തുടർന്ന് പ്രദേശത്ത് കനത്ത പുക ഉയർന്നത് നാട്ടിൽ പരിഭ്രാന്തി പരത്തി. പഞ്ചവടിപ്പാലത്തിന് സമീപമുള്ള മാർവൽ മാട്രസ് ആൻഡ് ഫർണിച്ചർ എന്ന സ്ഥാപനത്തിൽ ഞായർ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം സംഭവിച്ചത്.
ഏകദേശം ഒന്നരക്കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. വിവിധ ഭാഗങ്ങളിൽ നിന്നുള്ള 4 അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ എത്തി 3 മണിക്കൂറെടുത്താണ് തീ പൂർണ്ണമായും അണച്ചത്.
അവധി ദിവസമായ ഞായറാഴ്ച ആയതിനാൽ അറ്റകുറ്റപ്പണികൾക്കായി ഏതാനും തൊഴിലാളികൾ മാത്രമാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. ഇവരാണ് തീപിടിത്തം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
മെത്ത നിർമാണം നടക്കുന്ന ഭാഗത്താണ് ആദ്യം തീ പടർന്നത്. യന്ത്രസാമഗ്രികൾ, ചകിരി, സ്പോഞ്ച്, പൂർത്തിയായ മെത്തകൾ, വയറിങ് എന്നിവ ഉൾപ്പെടെ ഫാക്ടറിയുടെ ഒരു ഭാഗം പൂർണ്ണമായി കത്തിനശിച്ചു.
ഷീറ്റ് മേഞ്ഞ മേൽക്കൂരയും തകർന്നു വീണിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തൊടുപുഴ, കൂത്താട്ടുകുളം, മൂലമറ്റം, കല്ലൂർക്കാട് സ്റ്റേഷനുകളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയത്.
സ്പോഞ്ചും ചകിരിയും വലിപ്പത്തിൽ സൂക്ഷിച്ചിരുന്നതിനാൽ തീയണയ്ക്കുന്നത് ഏറെ ശ്രമകരമായി. ഈ സ്ഥാപനത്തിൽ ഇതിനു മുൻപും തീപിടിത്തമുണ്ടായിട്ടുണ്ടെന്ന് വിവരമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

