പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും വ്യോമപാതകളിലെ കർശന നിയന്ത്രണങ്ങളും ഇന്ത്യൻ വിമാനക്കമ്പനികളെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ തരണം ചെയ്യുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹൻ നായിഡുവിന്റെ അടിയന്തര ഇടപെടൽ തേടി പ്രമുഖ വിമാനക്കമ്പനികളുടെ സംഘടന രംഗത്തെത്തി.
എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്.ഐ.എ) ആണ് ഇതുസംബന്ധിച്ച് മന്ത്രിക്ക് ഔദ്യോഗികമായി കത്തയച്ചത്. സെപ്റ്റംബർ 25-ന് അയച്ച കത്തിലാണ് വ്യോമമേഖല നേരിടുന്ന വെല്ലുവിളികൾ അക്കമിട്ട് നിരത്തിയിരിക്കുന്നത്.
സുരക്ഷാ കാരണങ്ങളാൽ വ്യോമപാതകൾ വഴിതിരിച്ചുവിടേണ്ടി വന്നതുമൂലമുള്ള അധിക ദൂരം, വിമാന ഇന്ധനമായ എ.ടി.എഫിന്റെ (ATF) വിലയിലെ അനിയന്ത്രിതമായ വർധനവ്, വിനിമയ വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് എന്നിവയാണ് കമ്പനികൾ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. പാതകൾ ദീർഘിച്ചതോടെ ഇന്ധന ഉപഭോഗവും ജീവനക്കാരുടെ പ്രവർത്തനച്ചെലവും വൻതോതിൽ ഉയർന്നിട്ടുണ്ട്.
ഇതിനുപുറമെ, വിമാനങ്ങളുടെ ലീസ്, ഇൻഷുറൻസ് തുകകൾ ഡോളറിലാണ് നൽകേണ്ടത് എന്നതിനാൽ രൂപയുടെ മൂല്യത്തകർച്ച വ്യോമയാന മേഖലയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. യാത്രാ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിച്ചിട്ടുള്ളതിനാൽ പെട്ടെന്ന് നിരക്കുകൾ വർധിപ്പിച്ച് ഈ നഷ്ടം നികത്താൻ കമ്പനികൾക്ക് സാധിക്കുന്നില്ല.
സാധാരണഗതിയിൽ പ്രവർത്തനച്ചെലവിന്റെ 30 മുതൽ 40 ശതമാനം വരെയായിരുന്ന ഇന്ധനച്ചെലവ് നിലവിൽ 55 മുതൽ 60 ശതമാനം വരെയായി ഉയർന്നിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 72 ഡോളറിൽ നിന്ന് 118 ഡോളറായി ഉയർന്നപ്പോൾ, എ.ടി.എഫ് വില ബാരലിന് 260.24 ഡോളർ വരെ എത്തിയ ശേഷം നിലവിൽ 175.33 ഡോളറിലാണ് നൽകുന്നത്.
ഈ പ്രതിസന്ധിക്ക് പരിഹാരമായി വിവിധ ആവശ്യങ്ങളാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് മുന്നോട്ടുവെച്ചിരിക്കുന്നത്. ആഭ്യന്തര സർവീസുകൾക്കായി മുൻപ് അനുവദിച്ചിരുന്ന 25 ശതമാനം ലാന്റിംഗ്-പാർക്കിംഗ് ചാർജ് ഇളവ് കാലാവധി നീട്ടി നൽകണമെന്ന് കമ്പനികൾ അഭ്യർത്ഥിച്ചു.
കൂടാതെ, ആഭ്യന്തര എ.ടി.എഫ് വിലനിർണ്ണയം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് പകരം ‘കോസ്റ്റ്-പ്ലസ് മോഡലിലേക്ക്’ മാറ്റണമെന്നും 11 ശതമാനം വരുന്ന എക്സൈസ് ഡ്യൂട്ടി നിശ്ചിത നിരക്കിലേക്ക് ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലി, മഹാരാഷ്ട്ര സർക്കാരുകൾ നൽകിവരുന്ന 7 ശതമാനം വാറ്റ് ഇളവ് തുടർന്നും ലഭ്യമാക്കണമെന്നും രാജ്യത്തെ മറ്റ് പ്രമുഖ സംസ്ഥാനങ്ങളിലും സമാനമായ ഇളവുകൾ നടപ്പിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സർക്കാരിന്റെ ഭാഗത്തുനിന്നും കൃത്യസമയത്ത് സാമ്പത്തിക പിന്തുണ ലഭിച്ചില്ലെങ്കിൽ ലാഭകരമല്ലാത്ത പല സർവീസുകളും അടിയന്തരമായി നിർത്തിവെക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരായേക്കുമെന്നാണ് എഫ്.ഐ.എ നൽകുന്ന മുന്നറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

