ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ മേഖലയിൽ വനം വകുപ്പ് ഭൂമി കയ്യൊഴിപ്പിച്ച് കർശന നടപടി സ്വീകരിച്ചു. റിസർവ് വനമേഖലയിൽ ഉൾപ്പെടുന്ന പത്ത് ഹെക്ടറോളം സ്ഥലത്തെ കയ്യേറ്റമാണ് അധികൃതർ ഒഴിപ്പിച്ചത്.
ചിന്നക്കനാൽ റിസർവിന്റെ ഭാഗമായ ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനിലാണ് അനധികൃത കയ്യേറ്റം കണ്ടെത്തിയത്. ഇവിടെയുള്ള അടിക്കാടുകൾ പൂർണ്ണമായി വെട്ടിത്തെളിച്ച ശേഷം വ്യാപകമായി ഏലത്തൈകൾ നട്ടുപിടിപ്പിച്ചിരുന്നു.
ഈ തൈകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ പറിച്ചുമാറ്റി. തുടർന്ന് നടത്തിയ പരിശോധനയിൽ, വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തിന് കനത്ത ഭീഷണിയാകും വിധം കനത്ത ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് ഫെൻസിങ് സ്ഥാപിച്ചതായും കണ്ടെത്തി.
ഈ വേലികളും ഉദ്യോഗസ്ഥ സംഘം അഴിച്ചുമാറ്റിയിട്ടുണ്ട്. ആകെ 56.36 ഹെക്ടറാണ് ചിന്നക്കനാൽ റിസർവിനായി നീക്കി വെച്ചിട്ടുള്ള ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനുള്ളത്.
ഇതിൽ അഞ്ച് പേർ ചേർന്ന് സംയുക്തമായി ഭൂമി കയ്യേറി കൃഷി നടത്തുകയായിരുന്നു. ദേവികുളം റേഞ്ച് ഓഫീസർ ഇ ഡി അരുൺകുമാർ, ചിന്നക്കനാൽ സ്പെഷ്യൽ വില്ലേജ് ഓഫീസർ മുന്നസാരി ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്.
ഇതിനുപുറമെ, ആനയിറങ്കൽ അണക്കെട്ടിന്റെ ക്യാച്ച്മെന്റ് ഏരിയയിലുള്ള കെഎസ്ഇബി ഭൂമിയിലും സമാനമായ രീതിയിൽ കയ്യേറ്റം നടന്നിട്ടുള്ളതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളിലെ കയ്യേറ്റങ്ങൾ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വരുന്ന ദിവസങ്ങളിൽ ഒഴിപ്പിക്കുമെന്ന് ബന്ധപ്പെട്ട
അധികാരികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

