സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലുമാണ് പ്രധാനമായും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. മഴയ്ക്കൊപ്പം തന്നെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
നാടൊട്ടാകെ നാളെ മഴയുടെ ശക്തിയിൽ കുറവുണ്ടാകുമെങ്കിലും, വരുന്ന വെള്ളിയാഴ്ചയോടെ കാലാവസ്ഥ വീണ്ടും മാറുകയും മഴ ശക്തമാകുകയും ചെയ്യുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബർ 9 വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനുപുറമെ കേരള തീരത്ത് പ്രത്യേക കള്ളക്കടൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന തീയതികളും ജില്ലകളും:
06/10/2026: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
09/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്.
ഇരുപത്തിനാല് മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന കാലാവസ്ഥാ സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കള്ളക്കടൽ ജാഗ്രത നിർദേശം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് (06/10/2026) വൈകുന്നേരം 05.30 മുതൽ നാളെ 07/10/2026 രാത്രി 11.30 വരെ 0.8 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.
ഇതേ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് 07/10/2026 രാത്രി 08.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണം ഉണ്ടായേക്കാം എന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട
മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് കർശനമായി ഒഴിവാക്കേണ്ടതാണ്.
3.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4.
INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
5. മത്സ്യബന്ധന യാനങ്ങളായ ബോട്ടുകളും വള്ളങ്ങളും ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ സഹായിക്കും.
കൂടാതെ മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7.
തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ തീരവാസികൾ പ്രത്യേകം ജാഗ്രത പുലർത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

