സംസ്ഥാനത്ത് മരുന്നുക്ഷാമവും ചികിത്സാപ്പിഴവുകളുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചുവരുന്നതിനിടയിൽ, ആരോഗ്യവകുപ്പിലെ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു.
ഭരണതലത്തിൽ താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങൾ ലഭിക്കാത്തതിൽ മന്ത്രി കടുത്ത അതൃപ്തിയിലാണ്. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.
മുരളീധരൻ മുഖ്യമന്ത്രിയെ നേരിൽ കണ്ടു സംസാരിച്ചു. ഇതോടെ വകുപ്പിന്റെ തലപ്പത്ത് കാര്യമായ അഴിച്ചുപണി നടക്കുമെന്നുറപ്പായി.
താൻ അടിയന്തര നടപടികൾക്കായി നിർദേശിച്ച 35 ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി ബോധപൂർവം പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് മന്ത്രിയുടെ പ്രധാന പരാതി. നയപരമായ വിഷയങ്ങളിൽ മന്ത്രിയെന്ന നിലയിൽ കൃത്യമായ തീരുമാനങ്ങൾ എടുത്തു നൽകിയിട്ടും താഴേക്ക് തുടർനടപടികൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല.
വകുപ്പിൽ താൻ ഉത്തരവിട്ട നിർണായകമായ പല അന്വേഷണങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും മന്ത്രി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
സംസ്ഥാനത്തെ മരുന്നുക്ഷാമം ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ ഗുരുതരമായ ഏകോപനമില്ലായ്മ നിലവിലുണ്ടെന്നും മന്ത്രിക്കു പരാതിയുണ്ട്. രണ്ടാം മെഡിക്കൽ കോളജ്, നഴ്സിങ് കോളജ് ഹോസ്റ്റൽ നിർമാണം എന്നിവയ്ക്കായി മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് വിവിധ സ്ഥാപനങ്ങൾ സഹായ വാഗ്ദാനവുമായി മുന്നോട്ടുവന്നിട്ടും അതിനുള്ള അനുമതികൾ വൈകിക്കുകയാണ്.
മരുന്ന് വാങ്ങിയതിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ പരിശോധന നടത്താൻ മൂന്നുമാസം മുമ്പ് നിർദേശം നൽകിയിരുന്നെങ്കിലും ഇതുവരെയും യാതൊരുവിധ തുടർനടപടികളും ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കുന്നു. മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ എംഡി ലക്ഷക്കണക്കിന് രൂപ മുടക്കി ടെന്നിസ് ക്ലബിൽ അംഗത്വമെടുത്ത വിവാദത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും അത് നടപ്പായില്ല.
ഈ സംഭവവികാസങ്ങളാണ് മന്ത്രിയും സെക്രട്ടറിയും തമ്മിലുള്ള ഭിന്നത പരസ്യമായ നിലയിലേക്ക് എത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

