മുള്ളരിങ്ങാട് ∙ അമയൽതൊട്ടി ഫോറസ്റ്റ് ഓഫിസിന് സമീപം തലക്കോട് ബ്ലാത്തിക്കവല റോഡിന് അടുത്തുള്ള ഫെൻസിങ് കാട്ടാനകൾ മരങ്ങൾ മറിച്ചിട്ട് നശിപ്പിക്കുന്നതായി നാട്ടുകാർ. മൂന്ന് കാട്ടാനകളാണ് ഈ മേഖലയിൽ സ്ഥിരമായുള്ളത്.
ഫെൻസിങ്ങിന്റെ മുകളിലേക്കു കാട്ടാനകൾ മരം മറിച്ചിടുന്നത് നിത്യസംഭവമാണ്.
ഏതാനും ദിവസങ്ങൾക്കു മുൻപ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ മുള്ളരിങ്ങാട് എത്തിയപ്പോൾ കർഷകർ കാട്ടാനകളിൽ നിന്ന് അനുഭവിക്കുന്ന ദുരന്തങ്ങളെ വിശദീകരിച്ചു പരാതി കൊടുത്തിട്ടും യാതൊരു നടപടികളും അധികൃതർ കൈക്കൊണ്ടിട്ടില്ല. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാട് 50 അടി വീതിയിൽ വെട്ടിക്കളഞ്ഞ് സഞ്ചാര യോഗ്യമാക്കുമെന്ന് ഡിഎഫ്ഒ ഉറപ്പ് നൽകിയതാണ്.
എന്നാൽ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
ആകെ മൂന്നര ലക്ഷം രൂപയുടെ ഫെൻസിങ് സ്ഥാപിച്ചു എന്നാണ് പ്രദേശവാസികൾ പറയുന്നത്. രാത്രികാലങ്ങളിൽ റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാട് വെട്ടിത്തെളിക്കാത്ത മേഖലയിൽ കാട്ടാനകളെ കാണുന്നതു പതിവാണ്.
എറണാകുളത്തു നിന്ന് മുള്ളരിങ്ങാട്, വെള്ളക്കയം, ബ്ലാത്തിക്കവല വഴിയാണ് ഒട്ടേറെ സഞ്ചാരികൾ പോകുന്നത്. ആർആർടിയെ ഉപയോഗിച്ച് കാട്ടാനകളെ പെരിയാർ കടത്തി വിടുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുള്ളതാണ്.
എന്നാൽ ഈ ഉറപ്പ് പാലിച്ചില്ല. അടിയന്തരമായി മേഖലയിലെ കാട്ടാനകളെ ഉൾവനത്തിലേക്ക് കയറ്റി വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

