കേരളത്തിൽ നിലവിൽ കാലവർഷം ദുർബലാവസ്ഥയിലാണെങ്കിലും വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില തുടരുമെങ്കിലും പതിനാം തീയതി മുതൽ ഒറ്റപ്പെട്ട
പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. സാധാരണയേക്കാൾ നാല് ഡിഗ്രി വരെ ഉയർന്ന ചൂടും ഉയർന്ന ആർദ്രതയും ജനങ്ങളെ വലയ്ക്കുന്നുണ്ട്.
പത്ത്, പതിനൊന്ന് തീയതികളിൽ വ്യാപകമായ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, തെക്കുപടിഞ്ഞാറൻ കാലവർഷം മൂന്നിലൊന്നായി കുറഞ്ഞതോടെ കൊല്ലം ജില്ല കടുത്ത ചൂടിലാണ് വെന്തുരുകുന്നത്. പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതെങ്കിലും ജില്ലയുടെ മറ്റ് ഇടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് ഓട്ടമേറ്റഡ് വെതർ സ്റ്റേഷനുകളിലെ കണക്കുകൾ വ്യക്തമാക്കുന്നു.
പാരിപ്പള്ളിയിൽ 33.8 ഡിഗ്രി സെൽഷ്യസ്, കാരുവേലിൽ 33.6 ഡിഗ്രി സെൽഷ്യസ്, ചവറയിൽ 30.9 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ ഉയർന്ന താപനില. പടിഞ്ഞാറൻ മേഖലയിൽ കടൽക്കാറ്റിന്റെ സ്വാധീനമുള്ളതുകൊണ്ട് മാത്രമാണ് ചൂടിന് ചെറിയ തോതിലെങ്കിലും ശമനമുണ്ടാകുന്നത്.
അസ്വാഭാവികമായി ചൂട് ഉയരുന്നത് കാർഷിക മേഖലയ്ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. പച്ചക്കറിക്കൃഷിക്കായി വിത്തിടേണ്ട
സമയമായതിനാൽ കർഷകർ കടുത്ത ആശങ്കയിലാണ്. നനച്ചു കൊടുത്താൽ പോലും കടുത്ത ചൂടിൽ തൈകൾ കരിഞ്ഞുപോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
കൈത്തോടുകളിലും നീർച്ചാലുകളിലും ജലനിരപ്പ് താഴ്ന്നത് ഏലാകളിൽ കരക്കൃഷി ആശ്രയിക്കുന്ന കർഷകരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കാലവർഷം കുറഞ്ഞതും വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവുമാണ് ഇപ്പോഴത്തെ അസ്വാഭാവിക താപവർധനയ്ക്ക് കാരണമെന്ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ ഡോ.
നീത കെ. ഗോപാൽ വ്യക്തമാക്കി.
ഈ വർഷം ജൂൺ ഒന്ന് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കുറവ് മൺസൂൺ മഴ ലഭിച്ച ജില്ലകളിൽ മൂന്നാം സ്ഥാനത്താണ് കൊല്ലം. 52 ശതമാനം മഴക്കുറവുമായി വയനാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്.
ഇടുക്കിയിൽ 46 ശതമാനത്തിന്റെ കുറവുള്ളപ്പോൾ കൊല്ലത്തെ മഴക്കുറവ് 33 ശതമാനമാണ്. വടക്കുപടിഞ്ഞാറൻ കാറ്റ് വീശിത്തുടങ്ങിയത് മഴമേഘങ്ങളുടെ ലഭ്യത കുറച്ചു.
സൂര്യരശ്മികൾ ഭൂമിയിലേക്ക് ലംബമായി പതിക്കുന്ന സമയമാണിത്. മഴമേഘങ്ങളുടെ മറയില്ലാതെ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതാണ് ചൂട് ക്രമാതീതമായി വർധിക്കാൻ പ്രധാന കാരണം.
അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രതയും അസ്വസ്ഥതകൾ വർദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ, ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ ആഴ്ച പകുതിയോടെ മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

