കട്ടപ്പന∙ കാഞ്ചിയാർ ഗവ. ട്രൈബൽ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി പ്രിസ്കില്ല പ്രവീൺ അയച്ച കത്തിന് മുഖ്യമന്ത്രിയുടെ മറുപടി.
സ്കൂളിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ 101 വിഭവങ്ങളുടെ സദ്യയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പ്രിസ്കില്ല മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നത്. സ്കൂളിലെ ഓണാഘോഷ വിശേഷങ്ങളും ഓണസദ്യയുടെ പ്രത്യേകതകളും കത്തിൽ വിവരിക്കുകയും മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
പ്രിസ്കില്ലയുടെ കത്ത് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും കുട്ടികൾക്കായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി ഒപ്പിട്ട കത്തിൽ വ്യക്തമാക്കി.
‘ഒരു കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കമായ ക്ഷണവും സ്നേഹവും കത്തിൽ നിറഞ്ഞുനിന്നിരുന്നു. അധ്യാപകർ പാഠപുസ്തകത്തിലെ അറിവുകൾ മാത്രമല്ല, കരുതലിന്റെയും സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വലിയ പാഠങ്ങൾ കൂടിയാണ് കുട്ടികൾക്ക് പകർന്നു നൽകുന്നത്.
പഠനത്തിലും കലാ-കായിക രംഗങ്ങളിലും മികവ് തെളിയിച്ച് ഉയരങ്ങളിൽ എത്താൻ എല്ലാ കുട്ടികൾക്കും കഴിയട്ടെ’-മുഖ്യമന്ത്രി കത്തിലൂടെ കുട്ടികളെ ആശംസ അറിയിച്ചു. പ്രധാനാധ്യാപിക ലിൻസി ജോർജ്ന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 21ന് സ്കൂളിൽ 101 വിഭവങ്ങൾ ഉൾപ്പെടുത്തി വിപുലമായ ഓണസദ്യ സംഘടിപ്പിച്ചിരുന്നു.
അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പൂർണ്ണ പിന്തുണയോടെയാണ് ഈ ഓണസദ്യ ഒരുക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

