കൊച്ചി ∙ കടലിൽ ഒഴുകുന്ന സർവകലാശാല ‘എംവി വേൾഡ് ഒഡീസി’ കൊച്ചിയിൽ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 270 സർവകലാശാലകളിലെ വിദ്യാർഥികൾ പഠന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചു പഠനം പൂർത്തിയാക്കുന്ന ‘സെമസ്റ്റർ അറ്റ് സീ’യുടെ ഭാഗമായാണ് ആഡംബര കപ്പലിന്റെ സഞ്ചാരം.
ശരത്കാലത്തും വസന്തകാലത്തുമായി രണ്ടു പര്യടനങ്ങളാണു വിദ്യാർഥികൾക്കായി കപ്പൽ നടത്തുക. യുഎസിലെ കൊളറാഡോ സർവകലാശാലയാണു പദ്ധതി നടപ്പാക്കുന്നത്.
ഈ മാസം 18നാണു കപ്പൽ കൊച്ചിയിലടുത്തത്. ഈ വർഷത്തെ ക്രൂസ് സീസണിനു തുടക്കമിട്ടു കൊച്ചിയിലണഞ്ഞ ആദ്യ കപ്പൽ കൂടിയാണു വേൾഡ് ഒഡീസി.
സെപ്റ്റംബർ 9ന് നെതർലൻഡ്സിലെ ഐമോയ്ഡൻ തുറമുഖത്തു നിന്നാണു കപ്പലിന്റെ ശരത്കാല പര്യടനം ആരംഭിച്ചത്.
യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിലായി 11 രാജ്യങ്ങളിലെ 12 നഗരങ്ങളിലൂടെ 105 ദിവസം നീളുന്ന സഞ്ചാരമാണിത്. ഇതിനോടകം, പോർച്ചുഗൽ, സ്പെയിൻ, മൊറോക്കോ, ഘാന, ദക്ഷിണാഫ്രിക്ക, മൊറീഷ്യസ് എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണു കപ്പൽ കൊച്ചിയിലെത്തിയത്.
ഇവിടെയിറങ്ങി വിവിധ സംഘങ്ങളായി തിരിഞ്ഞ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കു പോയ വിദ്യാർഥികൾ കൊച്ചിയിൽ മടങ്ങിയെത്തി ഇന്നു പുലർച്ചെ വിയറ്റ്നാമിലേക്കുള്ള യാത്ര ആരംഭിക്കും. തുടർന്നു ഹോങ്കോങ് കൂടി സന്ദർശിച്ച ശേഷം ഡിസംബർ 22ന് തായ്ലൻഡിലെ ബാങ്കോക്കിൽ യാത്ര അവസാനിക്കും.
ലോകമാണു ക്യാംപസ് എന്നതാണു കപ്പലിന്റെ ആപ്തവാക്യം.
വിദ്യാർഥികളും അധ്യാപകരും കപ്പൽ ജീവനക്കാരുമടക്കം ആയിരത്തിലേറെ യാത്രികരാണ് ഒഴുകും സർവകലാശാലയിലുള്ളത്. കപ്പലിൽ ക്ലാസ് മുറികളും ലൈബ്രറികളും ഹോസ്റ്റൽ മുറികളും ഇൻഡോർ കോർട്ടുകളും സ്വിമ്മിങ് പൂളുകളും ഉൾപ്പെടെയുള്ള ആഡംബരങ്ങളെല്ലാമുണ്ട്.
കപ്പൽ യാത്രയിലായിരിക്കുമ്പോൾ ക്ലാസുകളും തുറമുഖങ്ങളിൽ അടുക്കുമ്പോൾ ഫീൽഡ് വിസിറ്റ്, കരയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സന്ദർശനം എന്നിവയാകും നടക്കുക. വർഷത്തിൽ രണ്ടു തവണയായി പഠന പര്യടനം നടത്തുന്ന ഇരുനൂറോളം ദിവസങ്ങളിലൊഴികെ മറ്റു ദിനങ്ങളിലെല്ലാം എംവി വേൾഡ് ഒഡീസി, എംഎസ് ഡ്യൂക്ക്ലാൻഡ് എന്ന പേരിൽ ക്രൂസ് ഷിപ്പായാണു പ്രവർത്തിക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

