കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്ലെറ്റിന്റെ പൂട്ടുതകർത്ത് ലക്ഷങ്ങൾ കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതി ഡൽഹിയിൽ പിടിയിലായി. മലപ്പുറം കാരാട് സ്വദേശി പുല്ലാലയിൽ ഷിജിൽ (26) ആണ് ഫറോക്ക് പൊലീസിന്റെ പിടിയിലായത്.
ഔട്ട്ലെറ്റിന്റെ പൂട്ട് തകർത്ത് 2.60 ലക്ഷം രൂപയാണ് ഇയാൾ കവർന്നത്. കഴിഞ്ഞ ആഗസ്റ്റ് 15ന് ഔട്ട്ലെറ്റിന് അവധിയായിരുന്ന രാത്രിയിലാണ് ഈ മോഷണം നടത്തിയത്.
കേസിനെ വഴിതിരിച്ചുവിടുന്നതിനായി പ്രതി തന്ത്രപരമായ നീക്കങ്ങളാണ് നടത്തിയത്. രാമനാട്ടുകരയിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെത്തിയ ഷിജിൽ, അയലിൽ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ മോഷ്ടിച്ച് ധരിച്ചാണ് ബിവറേജസ് ഔട്ട്ലെറ്റിൽ എത്തിയത്.
മോഷണം നടത്തിയത് അതിഥി തൊഴിലാളികളാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. മോഷണത്തിനിടയിൽ ഇവിടെയുണ്ടായിരുന്ന സി.സി.ടി.വി ക്യാമറകൾ തിരിച്ചു വെക്കുകയും ചെയ്തിരുന്നു.
പണം കവർന്ന ശേഷം പാലക്കാട്ടേക്ക് കടന്ന ഇയാൾ, അവിടെനിന്നും ഡൽഹിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഡൽഹിയിൽ എത്തി ആഡംബര ജീവിതം നയിച്ചു വരവെയാണ് അന്വേഷണ സംഘം ഇയാളെ വളഞ്ഞത്.
വിവിധ മോഷണക്കേസുകളിൽ പ്രതിയായ ഷിജിലിനെതിരെ അഞ്ചോളം വാറണ്ടുകൾ നിലവിലുണ്ട്. മൊബൈൽ ഫോണുകൾ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്നത് പൊലീസിന് അന്വേഷണത്തിൽ വലിയ വെല്ലുവിളിയായിരുന്നു.
എന്നാൽ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും സമാന കേസുകളിൽ ഉൾപ്പെട്ടവരെ നിരീക്ഷിക്കുകയും ചെയ്തുകൊണ്ടാണ് അന്വേഷണ സംഘം പ്രതിയിലേക്ക് എത്തിയത്. തുടർന്ന് നടത്തിയ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ ഇയാൾ ഡൽഹിയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഫറോക്ക് പൊലീസ് ഉദ്യോഗസ്ഥർ ഡൽഹിയിലെ മഹിപാൽപൂരിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

