കൊച്ചി ∙ പാൻ കാർഡിലും ആധാർ കാർഡിലും കൃത്രിമം നടത്തി ബാങ്കിന്റെ വെർച്വൽ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കി 27 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അസം സ്വദേശി സിറാജുൾ ഇസ്ലാമിനെ(26) ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. പ്രതിയുടെ സ്വദേശമായ അസം മൊറിഗാവ് ജില്ലയിലെ ലാഹോരിഘട്ടിലെത്തിയായിരുന്നു അറസ്റ്റ്. കൂട്ടുപ്രതിയായ സഹോദരൻ ഷെറിഫുൾ ഒളിവിലാണ്.
ഫെഡറൽ ബാങ്ക് നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണം പൂർത്തിയാക്കുമ്പോൾ മാത്രമേ ഇന്ത്യയിലെ കൂടുതൽ ബാങ്കുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് അറിയാൻ കഴിയൂ.
ആവശ്യക്കാർക്കു പാൻകാർഡും ആധാർകാർഡും എടുത്തു കൊടുക്കുന്ന സ്ഥാപനം നടത്തിയിരുന്ന പ്രതികൾ ഇടപാടുകാരുടെ കൂട്ടത്തിൽ ബാങ്ക് വായ്പ യോഗ്യത നിശ്ചയിക്കുന്ന സിബിൽ സ്കോർ കൂടുതലുള്ളവരുടെ പാൻകാർഡിലും ആധാർ കാർഡിലും സ്വന്തം ചിത്രം ഒട്ടിച്ചു വ്യാജ കാർഡുകൾ നിർമിച്ചാണു തട്ടിപ്പു നടത്തിയത്.
ബാങ്കുകൾ ഓൺലൈൻ ക്രെഡിറ്റ് കാർഡ് നൽകുന്ന പോർട്ടലിൽ കയറി ഈ രേഖകൾ ഉപയോഗിച്ച് അപേക്ഷ സമർപ്പിച്ചാണ് വെർച്വൽ ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കിയത്. വെർച്വൽ കാർഡ് ലഭിക്കുന്നതോടെ ഇതിൽ അനുവദിച്ചിട്ടുള്ള വായ്പ തുക മുഴുവൻ സ്വന്തം പേരിലുള്ള ഡിജിറ്റൽ വോലറ്റിലേക്കു മാറ്റിയിടുന്നതാണു പ്രതികളുടെ രീതിയെന്നു അന്വേഷണ സംഘം പറഞ്ഞു.
പിന്നീട് ആവശ്യം പോലെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു പണം മാറ്റും.
ഇത്തരത്തിൽ തട്ടിയെടുത്ത പണം ഉപയോഗിച്ചു പ്രതികൾ ഭൂമിയും വീടും കോഴിഫാമും വാങ്ങി സമ്പന്നരായി ജീവിക്കുകയായിരുന്നു. 500 പേരുടെ പാൻകാർഡുകളാണു തട്ടിപ്പു നടത്താൻ പ്രതികൾ ദുരുപയോഗിച്ചത്.
പ്രതികൾ വെർച്വൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ചപ്പോൾ ക്രെഡിറ്റ് കാർഡ് വീട്ടിൽ തപാലിൽ വന്ന നിക്ഷേപകൻ ബാങ്കിനെ വിവരം ധരിപ്പിച്ചതാണു തട്ടിപ്പിനെ കുറിച്ചു സംശയമുണ്ടാകാൻ കാരണം. അപേക്ഷിക്കാതെ തന്നെ ക്രെഡിറ്റ് കാർഡ് ലഭിച്ചതാണു നിക്ഷേപകൻ ബാങ്കിനെ വിവരം അറിയിക്കാൻ കാരണം. ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ ഇതേ നിക്ഷേപകന്റെ പാൻകാർഡ് ഉപയോഗിച്ചു വെർച്വൽ കാർഡിനു പ്രതികൾ സമർപ്പിച്ച അപേക്ഷ കണ്ടെത്തിയതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞു പൊലീസിൽ പരാതി നൽകി.
എറണാകുളം സെൻട്രൽ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്.
പിന്നീട് കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. തട്ടിയെടുത്ത 27 കോടി രൂപയിൽ നാലു കോടി രൂപയും സിറാജുളിന്റെ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഡിജിറ്റൽ വോലറ്റിലേക്കാണു പോയിട്ടുള്ളതെന്നു തിരിച്ചറിഞ്ഞതോടെ അസം പൊലീസിന്റെ സഹകരണത്തോടെ പ്രതിയെ നിരീക്ഷിച്ചു. ഇവരുടെ അന്വേഷണത്തിലാണ് സമാന തട്ടിപ്പുകളുടെ പേരിൽ കേസുകളുള്ള സിറാജുളിനെ കണ്ടെത്തിയത്.
ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വി. രാജ്കുമാർ, എസ്ഐമാരായ മനോജ്, ജിജോമോൻ, സിപിഒ ജോമോൻ എന്നിവരടങ്ങുന്ന സംഘം അസമിലെത്തി.
17 ദിവസം നടത്തിയ നിരീക്ഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

