ആലുവ∙ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഒഴിയുന്നതോടെ ദേശീയപാതയിൽ തോട്ടയ്ക്കാട്ടുകരയിൽ വിവാദ ‘യു ടേൺ’ നിർമിക്കാനുള്ള തീരുമാനത്തിൽ നിന്ന് അധികൃതർ താൽക്കാലികമായി പിന്മാറി.
യു ടേണിനു വേണ്ടി പൊളിച്ച മീഡിയൻ പുനഃസ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ബൈപാസ് കവലയിൽ നേരത്തെ ചെയ്തതു പോലെ തോട്ടയ്ക്കാട്ടുകരയിൽ ദേശീയപാത അടച്ചുകെട്ടി, കടുങ്ങല്ലൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പുതിയ യു ടേണിലൂടെ തിരിച്ചുവിട്ടാൽ അപകടങ്ങളും ഗതാഗതക്കുരുക്കും കുറയുമെന്നു 2 വർഷം മുൻപു ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥ സംഘത്തിനുമൊപ്പം സ്ഥലം സന്ദർശിച്ച മന്ത്രി ഗണേഷ്കുമാർ നിർദേശിച്ചിരുന്നു.
അന്നതു നടപ്പാക്കിയില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു നടന്ന ഗതാഗത ഉപദേശക സമിതി യോഗത്തിൽ ഉദ്യോഗസ്ഥർ ഈ നിർദേശം വീണ്ടും മുന്നോട്ടുവച്ചു. മീഡിയൻ പൊളിച്ചു യു ടേൺ സംവിധാനം പരീക്ഷിച്ച ശേഷം വിജയിച്ചില്ലെങ്കിൽ പഴയ രീതിയിലേക്കു തന്നെ മടങ്ങാം എന്നായിരുന്നു നിർദേശം.
മീഡിയൻ പൊളിച്ചതോടെ തന്നെ സംഭവം വിവാദമായി. ദേശീയപാതയ്ക്കു വേണ്ടി 30 വർഷം മുൻപ് അക്വയർ ചെയ്ത ഭൂമി ഏറ്റെടുത്തു സർവീസ് റോഡിന്റെ വീതി കൂട്ടാതെ രണ്ടു ബസ് സ്റ്റോപ്പുകൾക്കിടയിൽ പുതിയ യു ടേൺ നിർമിക്കുന്നത് അപകടങ്ങളും ഗതാഗതക്കുരുക്കും വർധിപ്പിക്കുമെന്ന് ആരോപണം ഉയർന്നു.
മാർത്താണ്ഡവർമ പാലത്തിന്റെ ബലപരിശോധനയ്ക്കു വാഹനങ്ങൾ തിരിച്ചുവിടാനാണ് മീഡിയൻ പൊളിക്കുന്നതെന്ന വിശദീകരണവുമായി അധികൃതർ രംഗത്തെത്തി.
ഇതിനിടെ തോട്ടയ്ക്കാട്ടുകരയിൽ സ്വകാര്യ സ്ഥാപനം സർവീസ് റോഡ് കയ്യേറി ടൈൽ വിരിച്ചതും മറ്റു ചിലർ പുൽത്തകിടി ഒരുക്കിയതും വിവാദത്തിന് ആക്കം കൂട്ടി. പാലത്തിന്റെ ബലപരിശോധന നടന്നതായി പറയുന്നുണ്ടെങ്കിലും മീഡിയൻ പൊളിച്ച ഭാഗത്തു കൂടി വാഹനങ്ങൾ വഴിതിരിച്ചു വിട്ടില്ല.
ഇതിനിടെയാണ് തിരഞ്ഞെടുപ്പു ഫലം വന്നതും യു ടേൺ പരിഷ്കാരം നിർദേശിച്ച മന്ത്രി ഗണേഷ് കുമാർ പരാജയപ്പെട്ടതും. ആലുവയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നാറ്റ്പാകിനെ കൊണ്ടു പഠനം നടത്തിച്ചു ശാസ്ത്രീയവും സമഗ്രവുമായ പരിഷ്കാരം നടപ്പാക്കണമെന്നാണ് പൊതു ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

