കൊച്ചി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഹൈക്കോടതി വളപ്പിൽ ചിത്രീകരണങ്ങൾക്കും സംപ്രേഷണങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവായി. ഫോട്ടോയും വീഡിയോയും പകർത്തുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനുമാണ് പുതിയ ഉത്തരവിലൂടെ വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക മാർഗനിർദേശങ്ങൾ ഹൈക്കോടതി രജിസ്ട്രാർ ജനറൽ പുറത്തിറക്കി.
അഭിഭാഷകർ, കക്ഷികൾ, ഇന്റേൺസ്, അഭിഭാഷകരുടെ ക്ലാർക്കുമാർ, രജിസ്ട്രി-സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, കരാറുകാർ, സന്ദർശകർ തുടങ്ങി കോടതി പരിസരത്തേക്ക് പ്രവേശിക്കുന്ന ഏതൊരാൾക്കും ഈ നിബന്ധനകൾ പൂർണ്ണമായും ബാധകമായിരിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്കായി ചിത്രങ്ങളോ ദൃശ്യങ്ങളോ പകർത്തേണ്ട
ചുമതല രജിസ്ട്രി നിയോഗിക്കുന്ന പ്രത്യേക വ്യക്തികൾക്ക് അല്ലെങ്കിൽ ഏജൻസികൾക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ രജിസ്ട്രാർ ജനറലിന്റെ ഔദ്യോഗിക അനുമതിയില്ലാതെ പുറത്തുവിടാനോ സോഷ്യൽ മീഡിയ, ഡിജിറ്റൽ, ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവ വഴി പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ലെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.
കൂടാതെ, കോടതി വളപ്പിലെ ഔദ്യോഗിക ചടങ്ങുകളും മറ്റ് പരിപാടികളും മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യണമെങ്കിലും രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതി നിർബന്ധമാണ്. കോടതി നടപടികൾ ക്യാമറയിൽ പകർത്തുകയോ വീഡിയോയിൽ ചിത്രീകരിക്കുകയോ ലൈവ് സ്ട്രീമിങ് നടത്തുകയോ ചെയ്യണമെങ്കിൽ ബഹുമാനപ്പെട്ട
ചീഫ് ജസ്റ്റിസിന്റെ അനുമതി മുൻകൂട്ടി വാങ്ങിയിരിക്കണമെന്നും മാർഗനിർദേശത്തിൽ ഊന്നിപ്പറയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

