തൃപ്രയാർ ∙ ആ 160 തെരുവുനായ്ക്കൾ ഇനി സുനിതയുടെ ഭർത്താവ് ഷിന്റോയുടെ തണലിൽ ജീവിക്കും. ഇവരുടെ സംരക്ഷണത്തിനായി അധ്വാനിച്ചിരുന്ന തളിക്കുളം പത്താംകല്ല് മാങ്ങാട്ട് വീട്ടിൽ സുനിത ബെംഗളൂരുവിൽ തൊഴിലുടമയുടെ ആക്രമണത്തിനിരയായി മരിച്ചതോടെ അനാഥരായി മാറിയ 160 നായ്ക്കളാണു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.
നടി പാർവതി തിരുവോത്ത്, വിയ്യൂരിലെ സാലി വർമ എന്നിവർ മൃഗസ്നേഹി സംഘത്തിലെ അംഗങ്ങളുടെ സഹകരണത്തോടെ 16 ചാക്ക് അരി എത്തിച്ചു. സുനിതയുടെ മരണാനന്തര ചടങ്ങുകൾ കഴിയാതെ നായ്ക്കൾക്കായി ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും പകരം നായ്ക്കൾക്ക് ഡോഗ് ഫുഡ് നൽകുകയാണെന്നും ഷിന്റോ പറഞ്ഞു.
അപ്രതീക്ഷിതമായ സുനിതയുടെ വിയോഗം ഷിന്റോയെ തളർത്തിയെങ്കിലും നായ്ക്കളെ ഉപേക്ഷിക്കുക എന്നത് ചിന്തിക്കാനാവില്ലെന്ന് ഷിന്റോ പറഞ്ഞു.
തളിക്കുളം പത്താംകല്ല് പടിഞ്ഞാറുള്ള വീടിനോട് ചേർന്ന് വർഷങ്ങളായി തെരുവുനായ്ക്കളെ സംരക്ഷിച്ച് വരുന്ന ‘ടോമി അനിമൽ വെൽഫെയർ ട്രസ്റ്റ്’ എന്ന സ്ഥാപനത്തിലെ സന്തോഷമാണ് സുനിതയുടെ മരണത്തോടെ പൊടുന്നനെ നിലച്ചത്.
വീടിനുള്ളിലും മുറ്റത്തും പറമ്പിലുമെല്ലാമായാണു സുനിത നായ്ക്കളെ സംരക്ഷിച്ചിരുന്നത്. 11 വർഷം മുൻപ് ഒരു നായ്ക്കുട്ടി വീട്ടിൽ വന്നു കയറിയപ്പോഴാരംഭിച്ചതാണു തെരുവുനായ സംരക്ഷണം.
വാഹനാപകടങ്ങളിൽ പരുക്കേറ്റതും ആളുകൾ ഉപേക്ഷിച്ചതും രോഗം ബാധിച്ചതുമടക്കം ഓരോ നായയെയും സുനിത തെരുവിൽ നിന്നെടുത്തു സ്കൂട്ടറിൽ വീട്ടിലെത്തിച്ചു. ഇവയ്ക്കു ഭക്ഷണം വച്ചുവിളമ്പുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
ഒരു ചാക്ക് അരി രണ്ടു ദിവസം പോലും തികയാത്ത അവസ്ഥയായി. മാർക്കറ്റുകളിൽ മിച്ചംവരുന്ന ഇറച്ചിയും മീനും കച്ചവടക്കാർ നൽകിയിരുന്നതുകൊണ്ടാണു പലപ്പോഴും പഞ്ഞമില്ലാതെ കടന്നുപോയത്.
സമീപത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണം മിച്ചംവരുന്നതും വിവാഹാഘോഷങ്ങളിൽ ബാക്കിയാകുന്ന ഭക്ഷണവുമെല്ലാം നടന്നു ശേഖരിച്ചു സുനിത നായ്ക്കൾക്കു വിളമ്പി.
സ്കൂൾ അവധിക്കാലം തുടങ്ങിയപ്പോൾ ഭക്ഷണം തയാറാക്കാൻ പണമില്ലാതെ വന്നതാണു ബെംഗളൂരുവിൽ ജോലിക്കു പോകാൻ ഇടയാക്കിയത്. ഏതാനും മാസം കഴിഞ്ഞാൽ നിലവിലുള്ള കടങ്ങൾ വീട്ടാൻ കഴിയുമല്ലോ എന്നാണ് സുനിത ഷിന്റോയോട് പറഞ്ഞത്.
ബെംഗളൂരുവിലും നായ്ക്കളെ സംരക്ഷിക്കുന്ന ജോലിയായതും കൂടുതൽ താൽപര്യമായി. പക്ഷേ ആ യാത്ര അവസാന യാത്രയായി മാറുമെന്ന് അറിഞ്ഞില്ലെന്ന് ഷിന്റോ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

