സംസ്ഥാനത്ത് കുറച്ചു ദിവസങ്ങളായി ചാഞ്ചാടിക്കളിക്കുന്ന സ്വർണവിലയിൽ ഇന്ന് ആശ്വാസകരമായ ഇടിവ്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും പ്രതിഫലിച്ചത്.
ഇതനുസരിച്ച് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 13,995 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. കൂടാതെ, ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞ് 1,11,960 രൂപയായി താഴ്ന്നു.
അതേസമയം, രാജ്യാന്തര വിപണിയിൽ സങ്കീർണമായ ഒരു വാരയാണ് കടന്നുപോയത്. യുഎസ് കടപത്രങ്ങളിൽ നിന്നുള്ള യീൽഡ് ഉയർന്നതും അടിസ്ഥാന പലിശ നിരക്കിൽ ഇനിയും വർധനവുണ്ടാകുമെന്ന സൂചനകളും വിപണിയെ സ്വാധീനിച്ചു.
ഇതിനുപുറമേ ഇറാൻ-യുഎസ് സംഘർഷാവസ്ഥ, ഉയർന്ന ക്രൂഡോയിൽ വില, വിലക്കയറ്റ ഭീഷണി എന്നിവയും നിക്ഷേപകരിൽ ആശങ്ക സൃഷ്ടിച്ചു. ആഴ്ചയുടെ തുടക്കത്തിൽ രാജ്യാന്തര വിപണിയിൽ ഔൺസിന് 4383.44 ഡോളറിലായിരുന്നു സ്വർണവില വ്യാപാരം ആരംഭിച്ചത്.
എന്നാൽ ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ ഇത് 4285 ഡോളറിലേക്ക് എത്തി. ഇടയ്ക്ക് വില 4387 ഡോളർ വരെ ഉയർന്നെങ്കിലും ഓഹരികളും യുഎസ് ഡോളറും ശക്തി പ്രാപിച്ചതോടെ മുന്നേറ്റം തടസ്സപ്പെടുകയായിരുന്നു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ കനത്ത വിൽപനയാണ് നടന്നിരുന്നത്. പിന്നീട് ഇറാൻ-യുഎസ് സമാധാന കരാർ സംബന്ധിച്ച വാർത്തകൾ വന്നതോടെ വില വീണ്ടും തിരിച്ചുകയറി.
ഡോളറിന്റെ മാന്ദ്യം മുതലെടുത്ത് നിക്ഷേപകർ സജീവമായതോടെ വില ഒരുവേള 4314 ഡോളർ വരെ ഉയർന്നു. എങ്കിലും പലിശ നിരക്ക് സംബന്ധിച്ച ആശങ്കകൾ ശക്തമായതോടെ വില 4300 ഡോളറിനും താഴേക്ക് ഇടിയുകയായിരുന്നു.
വിപണിയുടെ ഭാവി പ്രവചനാതീതം സ്വർണവിലയുടെ അടുത്ത ഘട്ടത്തെക്കുറിച്ച് സാമ്പത്തിക വിദഗ്ധർക്കിടയിലും ഭിന്നാഭിപ്രായമാണുള്ളത്. അമേരിക്കൻ ഫെഡറൽ റിസർവ് ഒക്ടോബറിലും അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചാൽ വില വീണ്ടും ഇടിയാൻ സാധ്യതയുണ്ട്.
അടുത്ത മാസം നിരക്ക് 0.25 ശതമാനമെങ്കിലും ഉയരാൻ 60 ശതമാനം സാധ്യതയാണ് വിപണി വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ പുറത്തുവരുന്ന തൊഴിൽ, സാമ്പത്തിക കണക്കുകൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തും.
അതേസമയം, ആഗോളതലത്തിൽ ഡിമാൻഡ് ശക്തമായി തുടരുന്നതിനാൽ വില പെട്ടെന്ന് ഇടിയാൻ സാധ്യതയില്ലെന്നും ഒരു വിഭാഗം വിദഗ്ധർ വിലയിരുത്തുന്നു. ഇന്നത്തെ നിരക്ക് പ്രകാരം കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പത്തു ശതമാനം പണിക്കൂലി, നികുതി, ഹോൾമാർക്കിങ് ചാർജുകൾ എന്നിവ ഉൾപ്പെടെ ഏകദേശം 1.27 ലക്ഷം രൂപയോളം വേണ്ടിവരും.
അതേസമയം, മറ്റ് വിഭാഗത്തിലുള്ള സ്വർണവിലയിലും മാറ്റമുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,500 രൂപയിലെത്തി.
14 കാരറ്റ് സ്വർണം ഗ്രാമിന് 8955 രൂപയിലും 9 കാരറ്റ് സ്വർണം 5775 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൂടാതെ, വെള്ളിയുടെ വില ഗ്രാമിന് 245 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

