ആലപ്പുഴ∙ ‘‘ഞാനാണ് ആ സാറിനെ റോഡിൽ നിന്നു പൊക്കിയെടുത്തത്. ജീപ്പിലുള്ള ആരും അനങ്ങിയില്ല.
എനിക്കു തനിച്ചു ജീപ്പിലേക്കു കയറ്റാൻ പറ്റില്ല, ആരെങ്കിലും വരണേയെന്ന് വിളിച്ചുപറഞ്ഞപ്പോൾ ഒരു സാർ സഹായത്തിനു വന്നു. അതു കഴിഞ്ഞ്, എന്റെ കൂട്ടുകാരനെക്കൂടി ആ ജീപ്പിൽ ആശുപത്രിയിലെത്തിക്കണേ എന്നു കെഞ്ചിപ്പറഞ്ഞു.
അവരാരും അലിവ് കാട്ടിയില്ല. റോഡിൽ ഞങ്ങളെ ഉപേക്ഷിച്ച് അവർ സ്ഥലംവിട്ടു’’– സങ്കടത്തോടെ രാഹുൽ സാബു പറഞ്ഞു.
എന്നിട്ടും ധൈര്യം വിടാതെ ഈ ചെറുപ്പക്കാരൻ സുഹൃത്തിനെ ബൈക്കിൽ ചേർത്തിരുത്തി കിലോമീറ്ററുകൾ താണ്ടി ആശുപത്രിയിലെത്തിച്ചു.
ഫോർട്ട്കൊച്ചിയിലെ ക്രിസ്മസ് പരിപാടി കണ്ടു പുലർച്ചെയോടെ തിരിച്ചുവരികയായിരുന്നു രാഹുലും അനിൽ രാജേന്ദ്രനും. ‘‘മദ്യമോ മറ്റു ലഹരികളോ ഞങ്ങൾ ഉപയോഗിച്ചിരുന്നില്ല.
അനിലാണു വണ്ടി ഓടിച്ചിരുന്നത്. ചെല്ലാനം കഴിഞ്ഞപ്പോൾ റോഡിൽ പൊലീസുകാർ കൈ കാണിച്ചു.
വേഗം കുറച്ചപ്പോഴേക്കും ഒരു സാർ (സിപിഒ ബിജുമോൻ) റോഡിനു നടുവിലേക്കു കയറി അനിലിന്റെ കയ്യിൽ കടന്നുപിടിച്ചു. എന്താണു പറ്റിയതെന്നു മനസ്സിലാകും മുൻപേ വണ്ടി തെറിച്ചു ഞങ്ങൾ റോഡിലേക്കു വീണു.
ആ സാറും തെറിച്ചുവീണു. ജീപ്പിലുള്ള പൊലീസുകാർ ആദ്യം അനങ്ങിയില്ല.
ഞാൻ കൂടി സഹായിച്ചു സിപിഒയെ വണ്ടിയിൽ കയറ്റിയ പാടെ അവർ ജീപ്പെടുത്തു.
അനിൽ ചോരവാർന്നു കിടക്കുകയാണ്. ഞാൻ കേണപേക്ഷിച്ചിട്ടും പൊലീസുകാർ സഹായിച്ചില്ല.
പിന്നീട് അതുവഴി വന്ന മറ്റൊരു ബൈക്ക് യാത്രക്കാരന്റെ സഹായത്തോടെ അനിലിനെ ബൈക്കിൽ കയറ്റി ഇരുത്തി. അവന്റെ കൈകൾ എന്റെ വയറ്റിൽ പിടിപ്പിച്ചു ഞാൻ വണ്ടിയെടുത്തു.
20 കിലോമീറ്റർ പോയി ചെട്ടികാട് ഗവ. ആശുപത്രിയിലെത്തി.
അനിൽ വീഴുമോ എന്നു പേടിച്ചു പതിയെയാണു വണ്ടി ഓടിച്ചത്. ചെല്ലാനം ഭാഗത്തെ ആശുപത്രികൾ അറിയാത്തതു കൊണ്ടാണു ചെട്ടികാട് വരെ വന്നത്.
അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വിട്ടു. തെരുവുനായ കുറുകെ ചാടിയെന്നാണ് ആദ്യം പറഞ്ഞത്.
അതാണു രേഖയിലും. പേടിയായിരുന്നു.
പിന്നീടാണു നടന്ന കാര്യങ്ങൾ അറിയിച്ചത്’’– രാഹുൽ പറഞ്ഞു.
കൈത്താങ്ങായ മകനും വീണു; ദുരിതക്കയത്തിൽ കുടുംബം
∙ അപകടത്തിൽ അനിൽ രാജേന്ദ്രനു (29) ഗുരുതര പരുക്കേറ്റതോടെ കിടപ്പുരോഗിയായ പിതാവ് രാജേന്ദ്രനും ദുരിതത്തിലായി. പ്രമേഹം ബാധിച്ചു രാജേന്ദ്രന്റെ ഒരു കാൽപാദം മുറിച്ചുനീക്കിയിരുന്നു.
അച്ഛന് അത്യാവശ്യമായി എവിടെ പോകണമെങ്കിലും ഇടവഴിയിലൂടെ റോഡ് വരെ എടുത്തുകൊണ്ടുപോയിരുന്നത് അനിലാണ്. മകനു പരുക്കേറ്റ വിവരമറിഞ്ഞു രാജേന്ദ്രൻ ആശുപത്രിയിൽ വരാനാകാതെ വീട്ടിൽ പരിഭ്രമിച്ചിരിക്കുകയാണെന്ന് അനിലിന്റെ അമ്മ രമാദേവി പറഞ്ഞു.
ക്രിസ്മസ് ദിവസം വൈകിട്ട് 7 നാണു കൂട്ടുകാരന്റെ വിളി വന്നപ്പോൾ അനിൽ ബൈക്കുമായി ഇറങ്ങിയത്.
രാത്രി വൈകി തിരിച്ചെത്തുമെന്നാണു പറഞ്ഞത്. മരുന്നു കഴിച്ചു കിടന്നതിനാൽ ഉറങ്ങിപ്പോയി.
രാവിലെയായിട്ടും മകനെ കാണാതെ വിഷമിച്ചിരിക്കുമ്പോഴാണ് അപകടവിവരം കേൾക്കുന്നത്– രമാദേവി പറഞ്ഞു. ഇവരുടെ മകൾ അശ്വതി വിദേശത്തു നഴ്സാണ്.
വീടിന്റെ ചെലവും അച്ഛന്റെ ചികിത്സയുമെല്ലാം അശ്വതിയാണു നടത്തുന്നത്. ഈയിടെ ഒരു ഡെന്റൽ സ്ഥാപനത്തിൽ അനിലിനു ജോലി ലഭിച്ചതിന്റെ സന്തോഷത്തിനിടെയാണ് അപകട
സംഭവം.
ആലപ്പുഴ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ അനിലിന്റെ കാഴ്ചയ്ക്ക് ഉൾപ്പെടെ സാരമായി തകരാർ ഉണ്ടായിട്ടുണ്ട്.
വലതു കണ്ണിനു താഴെ, മൂക്കിന്റെ പാലം, ചുണ്ട് എന്നിവിടങ്ങളിൽ സ്റ്റിച്ച് ഇടേണ്ടി വന്നു. കീഴ്ത്താടിക്കേറ്റ പരുക്കിൽ പല്ലുകൾ ഇളകി.
താടിക്കു സ്ഥാനചലനമുണ്ടായി. ഇടതു കാൽമുട്ട്, പാദം എന്നിവിടങ്ങളിലും പരുക്കുണ്ട്.
തുടർന്നാണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്.
പരുക്കേറ്റ യുവാവിനെ റോഡിൽ ഉപേക്ഷിച്ച് പൊലീസ്: ജീവനുണ്ടോ രണ്ടു നീതി
കൊച്ചി/ആലപ്പുഴ ∙ പുലർച്ചെ വാഹനപരിശോധനയ്ക്കിടെ നിർത്താതെപോയ ബൈക്ക് യാത്രികനെ പൊലീസ് കടന്നുപിടിച്ചതിനെത്തുടർന്ന് വണ്ടി മറിഞ്ഞ് യാത്രികനും പൊലീസുകാരനും ഗുരുതരമായി പരുക്കേറ്റു. പൊലീസുകാരനെ മാത്രം ജീപ്പിൽ കയറ്റി ആശുപത്രിയിലെത്തിച്ച പൊലീസ്, മുഖമടിച്ചുവീണു രക്തംവാർന്നു കിടന്ന യുവാവിനെ റോഡിൽ ഉപേക്ഷിച്ചു.
തുടർന്ന് യുവാവിനെ ബൈക്കിനു പിന്നിലിരുത്തി തന്റെ ശരീരത്തോടു ചേർത്തുപിടിച്ച് ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് 20 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്.
ചെല്ലാനം ഹാർബറിനു സമീപം ക്രിസ്മസ് പിറ്റേന്നു പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ആലപ്പുഴ കൊമ്മാടി കളരിക്കൽ വീട്ടിൽ അനിൽ രാജേന്ദ്രൻ (28), കൊച്ചി കണ്ണമാലി സ്റ്റേഷനിലെ സിപിഒ ബിജുമോൻ എന്നിവർക്കാണു പരുക്കേറ്റത്.
അനിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് കൊമ്മാടി പടിഞ്ഞാറേവെളിയിൽ രാഹുൽ സാബു (29) നിസ്സാരപരുക്കോടെ രക്ഷപ്പെട്ടു.
ഫോർട്ട്കൊച്ചിയിലെ ക്രിസ്മസ് ആഘോഷം കണ്ട ശേഷം മടങ്ങുകയായിരുന്നു അനിലും രാഹുലും.
പൊലീസ് പരിശോധനയ്ക്കു വണ്ടി നിർത്താതിരുന്നപ്പോൾ സിപിഒ ബിജുമോൻ, അനിലിന്റെ വലതു കയ്യിൽ കടന്നുപിടിച്ചു. അതോടെ ആക്സിലറേറ്റർ റേസ് ആയി മുന്നോട്ടുകുതിച്ച ബൈക്കിൽനിന്നു യുവാക്കളും പിന്നാലെ ബിജുമോനും റോഡിലേക്കു വീണു. അനിൽ മുഖമടിച്ചാണു വീണത്.
മൂക്കിന്റെ പാലം ഒടിയുകയും ഗുരുതര പരുക്കേൽക്കുകയും ചെയ്തു. കീഴ്ത്താടിക്കു സ്ഥാനചലനമുണ്ടായി.
വീഴ്ചയിൽ ബിജുമോന്റെ ബോധം നഷ്ടപ്പെട്ടു.
രാഹുൽ കൂടി സഹായിച്ച് ഇദ്ദേഹത്തെ പൊലീസ് ജീപ്പിൽ കയറ്റി. രക്തം വാർന്നു കിടന്ന അനിലിനെയും ആശുപത്രിയിലെത്തിക്കാൻ അപേക്ഷിച്ചപ്പോൾ ‘നീയൊക്കെ എങ്ങനെയെങ്കിലും പോടാ’ എന്നു പറഞ്ഞു ജീപ്പ് വിട്ടുപോയെന്നു രാഹുൽ പറഞ്ഞു.
തുടർന്നു മറ്റൊരു ബൈക്ക് യാത്രികന്റെ സഹായത്തോടെ അനിലിനെ ബൈക്കിനു പിന്നിൽ പിടിച്ചിരുത്തി, കൈകൊണ്ടു ചേർത്തുപിടിച്ചാണ് ആലപ്പുഴയിലെ ചെട്ടിക്കാട് ഗവ. ആശുപത്രിയിൽ എത്തിച്ചത്.
അവിടെനിന്ന് ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലേക്കു വിട്ട അനിലിനെ ഇന്നലെ വൈകിട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
കയ്യിലെ എല്ലുപൊട്ടിയ ബിജുമോന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.
അതേസമയം, യുവാവിനെ വലിച്ചു താഴെയിട്ടതല്ലെന്നും വാഹന പരിശോധന നടത്തുന്ന പൊലീസിനു നേരെ അവർ ബൈക്ക് ഓടിച്ചു കയറ്റിയതാണെന്നുമാണു കണ്ണമാലി പൊലീസിന്റെ വിശദീകരണം. വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തിൽ അനിലിന്റെ പിതാവ് രാജേന്ദ്രൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രനു പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

