കൊല്ലം മയ്യനാട്ട് കുടുംബവഴക്കിനെത്തുടർന്ന് മദ്യലഹരിയിലായിരുന്ന മകനെ അച്ഛൻ കുത്തിപ്പരിക്കേൽപ്പിച്ചു. മയ്യനാട് സാഗരതീരം സൂനാമി ഫ്ലാറ്റ് ബ്ലോക് നമ്പർ 7 ഫ്ലാറ്റ് 8ൽ വിനു (41) ആണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
സംഭവത്തിൽ ഇയാളുടെ പിതാവ് മരിയൻ (75) നെ ഇരവിപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചയോടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
മരിയന്റെ മറ്റൊരു മകൻ മുപ്പത് ദിവസങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. ഈ വിയോഗത്തിന്റെ ഭാഗമായുള്ള മുപ്പതാം ദിവസത്തെ ചടങ്ങുകൾ ഇന്നലെ നടന്നിരുന്നു.
ഇതിനുശേഷം മദ്യപിച്ചെത്തിയ വിനു വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ആദ്യം തന്റെ ഭാര്യയെ മർദ്ധിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച അമ്മയ്ക്കും വിനുവിന്റെ മർദ്ദനമേൽക്കേണ്ടി വന്നു.
കുടുംബാംഗങ്ങൾക്ക് നേരെ തുടർച്ചയായി അതിക്രമം ഉണ്ടായതോടെ, പ്രകോപിതനായ മരിയൻ വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിനുവിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനുവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയായ വിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കും ബഹളവും ഉണ്ടാക്കാറുള്ളയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

