ഹരിപ്പാട് ∙ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം മഹാദീപക്കാഴ്ചയോടെ പുണർതം നാളായ ഇന്ന് ആരംഭിക്കും. 12നാണ് ആയില്യം.ഉത്സവത്തിനു മുന്നോടിയായി ആലക്കോട്ട്, എരിങ്ങാടപ്പള്ളി കാവുകളിലെ പൂജകളും നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും നടത്തുന്ന കളഭമുഴുക്കാപ്പ് ചാർത്തലും ഇന്ന് പൂർത്തിയാകും.
മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിന്റെ കാർമികത്വത്തിലാണ് ഇന്നു രാവിലെ മുഴുക്കാപ്പ് ചാർത്തൽ. അടുത്ത ദിവസം രാവിലെ നിർമാല്യ ദർശനം വരെ നാഗരാജാവിനെയും സർപ്പയക്ഷിയമ്മയെയും മുഴുക്കാപ്പോടെ കണ്ടു തൊഴാം.ഇന്ന് വൈകിട്ട് 5ന് കുടുംബ കാരണവർ എം.കെ.പരമേശ്വരൻ നമ്പൂതിരി തിരി തെളിക്കുന്നതോടെ മഹാദീപക്കാഴ്ച ആരംഭിക്കും.
വൈകിട്ട് 7.30ന് ചലച്ചിത്രതാരം നവ്യ നായർ അവതരിപ്പിക്കുന്ന നടനാഞ്ജലി.
പൂയം തൊഴൽ നാളെ നടക്കും. അനന്തന്റെ ഭാവത്തിലുള്ള തിരുവാഭരണമാണ് പൂയം നാളിൽ ചാർത്തുന്നത്.
രാവിലെ 9.30ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ കാർമികത്വത്തിൽ ഉച്ചപൂജ നടക്കും. 11ന് ക്ഷേത്രത്തിന്റെ തെക്കേനടയിലെ മണ്ണാറശാല യുപി സ്കൂളിൽ പൂയസദ്യ.
വൈകിട്ട് 5 മുതൽ പൂയം തൊഴൽ. 7ന് പൂയം തൊഴലിന്റെ ഭാഗമായി ഇളമുറയിലെ അന്തർജനങ്ങൾക്കൊപ്പം വലിയമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം.
ആയില്യം നാളായ 12ന് കുടുംബ കാരണവർ എം.കെ.പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തിയുള്ള പൂജ നടക്കും.
10ന് ഇല്ലത്ത് നിലവറയ്ക്കു മുന്നിൽ തെക്കേത്തളത്തിൽ ആയില്യം പൂജയ്ക്കുള്ള നാഗപത്മ കളമെഴുത്ത്. കളം പൂർത്തിയാകുന്നതോടെ വലിയമ്മ തീർഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി പൂജകൾ നടത്തും.
തുടർന്നു 12ന് പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത്. എഴുന്നള്ളത്ത് ഇല്ലത്ത് എത്തുന്നതോടെ വലിയമ്മയുടെ കാർമികത്വത്തിൽ ആയില്യം പൂജ ആരംഭിക്കും.
പൂജകൾക്കു ശേഷം വലിയമ്മയുടെ അനുമതി വാങ്ങി കുടുംബ കാരണവർ തട്ടിന്മേൽ നൂറുംപാലും നടത്തും. ഇതിന് ശേഷം വലിയമ്മയുടെ ആചാരപരമായ ക്ഷേത്ര ദർശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങൾ പൂർത്തിയാകും.
നാഗക്കളം
നാഗരാജ ക്ഷേത്രത്തിലെ ആയില്യം പൂജയ്ക്കായി വരയ്ക്കുന്ന നാഗക്കളത്തിനു തലമുറകളായുള്ള ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും പെരുമയുണ്ട്.
നിലവറയ്ക്കു സമീപം തെക്കേ തളത്തിൽ 64 ഖണ്ഡങ്ങളുള്ള നാഗക്കളമാണ് വരയ്ക്കുക. തളത്തിൽ പട്ട് വിതാനിച്ച് കുരുത്തോല കൊണ്ട് അലങ്കരിക്കും.തളത്തിൽ നിലത്ത് നാഗക്കളം വരയ്ക്കും. ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിക്കുന്ന നാഗരാജാവ്, സർപ്പയക്ഷിയമ്മ എന്നീ വിഗ്രഹങ്ങൾ ഇവിടെ പീഠത്തിൽ പ്രതിഷ്ഠിക്കും.
ദീപങ്ങളുടെ പ്രഭയിൽ വലിയമ്മ നടത്തുന്ന ആയില്യം പൂജ, നൂറും പാലും, സർപ്പബലി, ഗുരുതി എന്നിവ ദർശിക്കാൻ ഭക്തജന തിരക്കേറും.
മഹാദീപക്കാഴ്ച ഇന്ന്
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം മഹാദീപക്കാഴ്ചയോടെയാണ് ആരംഭിക്കുന്നത്. ഇന്നു വൈകിട്ട് 5ന് നട
തുറന്നു കഴിഞ്ഞ് മഹാ ദീപക്കാഴ്ച നടക്കും. ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്ന് പകർന്ന ദീപം ക്ഷേത്രനടയിലെ വിളക്കിൽ കുടുംബ കാരണവർ എം.കെ.
പരമേശ്വരൻ നമ്പൂതിരി ആദ്യ തിരി തെളിക്കുന്നതോടെ മഹാദീപക്കാഴ്ചയ്ക്ക് തുടക്കമാകും. തുടർന്ന് ക്ഷേത്രത്തിലും പരിസരങ്ങളിലുമായി ആയിരക്കണക്കിന് ദീപങ്ങൾ തെളിയും.
ഇല്ലത്തെ കുടുംബാംഗങ്ങളും ഭക്തരും ചേർന്നാണ് വിളക്കു തെളിയിക്കുന്നത്. ദീപക്കാഴ്ചയ്ക്കു ശേഷം ക്ഷേത്രത്തിൽ ദീപാരാധന നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

