പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നൽകിയ പരാതി പിൻവലിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് ആരോപണം. ജയ്പൂരിലെ കൽവാർ മേഖലയിലാണ് സംഭവം.
കഴിഞ്ഞ ജൂലൈയിലാണ് 58കാരനായ പിതാവിനെ വീടിനു പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇത് ആത്മഹത്യയാണെന്നായിരുന്നു ആദ്യഘട്ടത്തിലുള്ള നിഗമനം.
എന്നാൽ ഭർത്താവിന്റെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ഇപ്പോൾ ഔദ്യോഗികമായി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. മകളെ കൂട്ടബലാത്സംഗം ചെയ്ത് കൃത്യം ഒരു മാസത്തിന് ശേഷമാണ് പിതാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ജൂണിലാണ് ജയ്പൂർ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. ക്രൂരതയ്ക്ക് ഇരയായി രണ്ട് ദിവസത്തിന് ശേഷം കുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വിവരം കുടുംബാംഗങ്ങൾ അറിയുന്നത്.
ഉടൻ തന്നെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ കേസ് നൽകിയതിനു പിന്നാലെ പ്രതികൾ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ടയാളുടെ ഭാര്യ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. കേസ് പിൻവലിച്ചില്ലെങ്കിൽ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.
പ്രതികൾ ഗൂഢാലോചന നടത്തിയാണ് തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയത് എന്നും, തുടർന്ന് ഈ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയാണ് മൃതദേഹം കെട്ടിത്തൂക്കിയതെന്നും ഭാര്യ പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

