പൂച്ചാക്കൽ ∙ നിർമ്മാണം പൂർത്തിയായ മാക്കേക്കടവ് – നേരേകടവ് പാലം യാഥാർത്ഥ്യത്തിലേക്ക്. പൊതുമരാമത്ത് വകുപ്പിന്റെ ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായി പാലത്തിൽ കർശനമായ ഭാരപരിശോധന വിജയകരമായി പൂർത്തിയാക്കി.
പാലത്തിന്റെ ബലക്ഷമത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 39 ടൺ ഭാരമുള്ള നാല് ലോറികൾ വിവിധ സമയങ്ങളിലും നിർദ്ദിഷ്ട സ്ഥലങ്ങളിലുമായി 24 മണിക്കൂർ നേരം പാലത്തിന് മുകളിൽ നിർത്തിയിട്ടു.
തുടർന്ന് അടിഭാഗത്ത് 12 ഗേജ് സെറ്റുകൾ സ്ഥാപിച്ച് ഘടനാപരമായ വ്യതിചലനവും ആയാസവുമെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചാണ് വിദഗ്ധ സംഘം പരിശോധന പൂർത്തിയാക്കിയത്. ഇതോടൊപ്പം പാലത്തിൽ സുരക്ഷാരേഖകൾ വരയ്ക്കുന്ന ജോലികളും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികളും വേഗത്തിൽ പുരോഗമിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്തിമ ജോലികൾ വരുന്ന ബുധനാഴ്ചയോടെ പൂർണമായും അവസാനിക്കും. ഇതിന്റെ ഭാഗമായി വഴിവിളക്കുകൾക്ക് വൈദ്യുതി കണക്ഷൻ നൽകുന്ന പ്രവൃത്തികളും സമാന്തരമായി നടന്നു വരുന്നുണ്ട്.
ഉദ്ഘാടനച്ചടങ്ങിനായുള്ള ഒരുക്കങ്ങളും സജീവമായിട്ടുണ്ട്. പാലത്തോട് ചേർന്ന് തന്നെയായിരിക്കും സമ്മേളന വേദി ഒരുക്കുന്നത്.
ഇതിനായി പന്തൽ നിർമ്മാണം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഉടൻ ആരംഭിക്കും. ചടങ്ങിൽ ഏകദേശം 2500 പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സന്ദർശനവും ഡോഗ് – ബോംബ് സ്ക്വാഡുകളുടെ പരിശോധനയും അടുത്ത ആഴ്ച ഉണ്ടാകും. വരുന്ന 18ന് രാവിലെ 9 മണിക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ പാലം നാടിന് സമർപ്പിച്ച് ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ മന്ത്രിമാരായ പി.കെ. ബഷീർ, രമേശ് ചെന്നിത്തല, എം.ലിജു, മോൻസ് ജോസഫ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്നാണ് വിവരം.
ഉദ്ഘാടനത്തോടനുബന്ധിച്ച് മാക്കേക്കവല മുതൽ മാക്കേക്കടവ് വരെയുള്ള റോഡരികുകളിൽ സ്വാഗത കമാനങ്ങളും അലങ്കാര ജോലികളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

