ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 8.5 ലക്ഷം രൂപ വിലമതിക്കുന്ന 37 ഗ്രാം ഹെറോയിനും 2 കിലോഗ്രാം കഞ്ചാവും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശി സാഹെബ് അലി (32) പിടിയിലായി.
തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സിൽച്ചർ–തിരുവനന്തപുരം അരോണയ് എക്സ്പ്രസിൽ എത്തിയ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ. ജിപിൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സിഐബി എറണാകുളം ഹെഡ് കോൺസ്റ്റബിൾ ജി.വിപിൻ, തിരുവനന്തപുരം കോൺസ്റ്റബിൾ എം.ആർ.മനോജ്, ചെങ്ങന്നൂർ ആർപിഎഫ് എഎസ്ഐ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിലെ റാണിനഗർ, ചാറ്റോർ സ്വദേശിയാണ് സാഹെബ് അലി. പിടിച്ചെടുത്ത മയക്കുമരുന്നും പ്രതിയെയും തുടർനടപടികൾക്കായി എക്സൈസിന് കൈമാറി.
സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരമുള്ള തുടർ നിയമനടപടികൾ സ്വീകരിക്കും. ട്രെയിനുകൾ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

