കോവളം∙ബീച്ചിൽ ഇന്നലെയും ഉല്ലാസ ബോട്ട് മറിഞ്ഞ് അപകടം. തലകീഴായി മറിഞ്ഞ ബോട്ടിനടിയിൽ അകപ്പെട്ട
രണ്ട് കുട്ടികൾ ഉൾപ്പെടെ 5 പേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ഒരാൾക്ക് കാലിന് സാരമായി പരുക്കേറ്റു.സേലം സ്വദേശികളായ സുരേഷ്(45),മോഹൻ(30) തമിഴ്ശെൽവി(35),ധന്യശ്രീ(5),ശരൺ(7) എന്നിവരാണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്.
ലൈഫ് ഗാർഡ് സൂപ്പർവൈസർ ഇൻ ചാർജ് വെമ്പായം വിജയകുമാറിന്റെ നേതൃത്വത്തിൽ ലൈഫ് ഗാർഡുമാരായ അഭിറാം, റോബിൻസൺ, മിഥുൻ, അരവിന്ദ്, എസ്.മനോഹരൻ എന്നിവർ ചേർന്നാണ് യാത്രികരെ രക്ഷപ്പെടുത്തിയത്.
ബോട്ടിന്റെ എൻജിൻ ഭാഗം മണ്ണിൽ ഇടിച്ച് ചെരിയുകയായിരുന്നു. ശനിയാഴ്ചയും ഇവിടെ ഉല്ലാസ ബോട്ട് സമാന രീതിയിൽ മറിഞ്ഞ് 12 വയസ്സുകാരി ഉൾപ്പെടെ മൂന്നുപേരെയും ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയിരുന്നു.
ശ്രീകാര്യം സ്വദേശികളായ അരുൺ,ഭാര്യ, 12 വയസ്സുകാരി മകൾ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഈ സംഭവത്തെ തുടർന്ന് സുരക്ഷ നിർദേശങ്ങൾ നൽകുന്നതിനു വിഴിഞ്ഞം കോസ്റ്റൽ പൊലീസ് ബോട്ടു ജീവനക്കാരുടെ യോഗം വിളിച്ചിരുന്നു.
യോഗം പിരിഞ്ഞതിനു പിന്നാലെയായിരുന്നു അപകടം.
ബോട്ട് സർവീസ് നിർത്തിവച്ചു
കോവളം∙ഇന്നലത്തെ അപകടത്തെ തുടർന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തീരത്ത് ഉല്ലാസ ബോട്ടു സർവീസ് നിർത്തി വച്ചതായി കോവളം–വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അധികൃതർ അറിയിച്ചു. ബോട്ട് സവാരി പുനരാരംഭിക്കുമ്പോൾ സുരക്ഷാ മുൻകരുതലുകൾ, യാത്രികരുടെ റജിസ്റ്റർ സൂക്ഷിക്കൽ, സമയ ക്ലിപ്തത എന്നിവയെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തുമെന്നു വിഴിഞ്ഞം കോസ്റ്റൽ എസ്എച്ച്ഒ വി.എസ്.
വിപിൻ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

