ഇരവിപുരം മണ്ഡലത്തിൽ ലോട്ടറി ടിക്കറ്റ് തിരുത്തി വിൽപനക്കാരിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ പരാതി ലഭിച്ചിട്ടും പൊലീസ് നടപടി വൈകിയതിൽ ശക്തമായ ഇടപെടലുമായി വിഷ്ണു മോഹൻ എംഎൽഎ രംഗത്ത്. പരാതി നൽകി നാലു ദിവസങ്ങൾ പിന്നിട്ടിട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്യാത്ത ഇരവിപുരം പൊലീസിന്റെ നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ജനപ്രതിനിധിയുടെ ഇടപെടൽ. തട്ടിപ്പിനിരയായ മയ്യനാട് ധവളക്കുഴി സ്വദേശി അമ്പിളിയുടെ വസതിയിൽ ഇന്നലെ എംഎൽഎ നേരിട്ടെത്തി വിവരങ്ങൾ ആരാഞ്ഞു.
കേസിന്റെ പുരോഗതി അറിയാൻ പൊലീസിനെ ബന്ധപ്പെട്ടപ്പോഴാണ് ഇതുവരെ ഔദ്യോഗികമായി കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്ന വിവരം എംഎൽഎ അറിയുന്നത്. തുടർന്ന്, അടിയന്തരമായി കേസ് റജിസ്റ്റർ ചെയ്യണമെന്നും കൃത്രിമം കാണിച്ച ലോട്ടറി ടിക്കറ്റുകൾ തൊണ്ടിമുതലായി സൂക്ഷിക്കണമെന്നും എംഎൽഎ കർശന നിർദ്ദേശം നൽകി.
കൂടാതെ, അമ്പിളിക്ക് തുടർന്നും ലോട്ടറി വിൽപന നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുമെന്നും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള അമ്പിളിയുടെ ഭർത്താവിനു മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം ലഭ്യമാക്കുമെന്നുമുള്ള ഉറപ്പും നൽകിയാണ് അദ്ദേഹം മടങ്ങിയത്. കാൽനടയായി ലോട്ടറി കച്ചവടം നടത്തി ജീവിക്കുന്ന അമ്പിളിയെ, ഒരു യുവാവ് നമ്പർ തിരുത്തിയ വ്യാജ ടിക്കറ്റുകൾ നൽകി കബളിപ്പിക്കുകയും 4000 രൂപ തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു.
ഭർത്താവിന്റെ ചികിത്സാ ചെലവുകൾക്കും കുടുംബത്തിന്റെ നിത്യവൃത്തിക്കുമായി കിലോമീറ്ററുകളോളം നടന്ന് ലോട്ടറി വിൽക്കുന്നതിനിടയിലാണ് ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ 17നാണ് ഇതുസംബന്ധിച്ച് ഇരവിപുരം പൊലീസിൽ പരാതി സമർപ്പിച്ചത്.
എന്നാൽ പരാതി നൽകിയിട്ടും മാധ്യമങ്ങളിൽ വാർത്തകൾ വന്നിട്ടും പൊലീസ് കേസെടുക്കാനോ പ്രാഥമിക അന്വേഷണം നടത്താനോ തയാറായില്ലെന്ന ആക്ഷേപം ശക്തമായതോടെയാണ് വിഷയം എംഎൽഎയുടെ ശ്രദ്ധയിൽ എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

