ആലപ്പുഴ ചുങ്കം കന്നിട്ടജെട്ടിക്കു തെക്ക് പള്ളാത്തുരുത്തിയാറ്റിൽ നങ്കൂരമിട്ടിരുന്ന ഹൗസ് ബോട്ട് പൂർണ്ണമായും കത്തിനശിച്ചു. ഇന്നലെ രാത്രി 8.45-ഓടെയായിരുന്നു സംഭവം.
ചുങ്കം–പള്ളാത്തുരുത്തി റോഡിൽ വട്ടപ്പറമ്പിൽ ക്ഷേത്രത്തിനു സമീപം പമ്പാ നദിയുടെ പടിഞ്ഞാറേ തീരത്തായിരുന്നു അപകടം നടന്നത്. യാത്രക്കാരെ ഇറക്കിയ ശേഷം വൈകിട്ട് അഞ്ചരയോടെയാണ് ബോട്ട് ഇവിടെ കെട്ടിയിട്ടത്.
അപകടസമയത്ത് ജീവനക്കാർ മാത്രമാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിൽ തീ ഉയരുന്നത് കണ്ട് ഇവർ ഉടൻ തന്നെ കരയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
പാറ്റയെ കൊല്ലാൻ കത്തിച്ചുവച്ചിരുന്ന തിരിയിൽ നിന്ന് തീ പടർന്നതായാണ് പ്രാഥമിക നിഗമനം. സമീപത്തുണ്ടായിരുന്ന മറ്റു ഹൗസ് ബോട്ടുകളിലേക്കു തീ പടരാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലാണ് കൂടുതൽ അപായം തടഞ്ഞത്. തീ ഉയർന്ന ഉടൻ തന്നെ നാട്ടുകാരും മറ്റ് ഹൗസ് ബോട്ടുകളിലെ ജീവനക്കാരും ചേർന്ന് തീയണയ്ക്കാൻ ശ്രമം ആരംഭിച്ചിരുന്നു.
എന്നാൽ ഇവിടിലേക്കുള്ള റോഡിന്റെ തകർന്ന അവസ്ഥ കാരണം ഫയർഫോഴ്സ് വാഹനം പാതിവഴിയിൽ നിർത്തിയിടേണ്ടി വന്നു. തുടർന്ന് സ്പീഡ് ബോട്ട് വരുത്തിയാണ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയത്.
ആലപ്പുഴ സ്വദേശി റെജീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച ബോട്ട്. ഏകദേശം 70 ലക്ഷത്തോളം രൂപ മുടക്കി അഞ്ച് വർഷം മുൻപാണ് ഈ ബോട്ട് സർവീസിനായി ഇറക്കിയത്.
ഇരുനിലകളിലായി മൂന്ന് എയർകണ്ടീഷൻ ചെയ്ത മുറികളുള്ള ഈ ഹൗസ് ബോട്ട് മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. ഈ മാസം ആദ്യം പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മറ്റ് മൂന്ന് ഹൗസ്ബോട്ടുകളും സമാനമായ രീതിയിൽ കത്തിനശിച്ചിരുന്നു.
രക്ഷാപ്രവർത്തനങ്ങൾക്ക് സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ പി.പി.പ്രശാന്ത്, ഫയർ ഓഫിസർമാരായ ജസ്റ്റിൻ ജേക്കബ്, ഡാനി ജോർജ്, എച്ച്.പ്രശാന്ത്, പത്മകുമാർ, എച്ച്.അൻസിൽ, എം.മനോജ്, ശ്യാം കുമാർ, അരുൺ രാജ്, വിപിൻ എസ്.ദത്ത് എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

