പത്തനംതിട്ട ജില്ലയിലെ റാന്നി ഇട്ടിയപ്പാറയിൽ പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന ശബരിമല ഇടത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഇനിയും നടപടിയായിട്ടില്ല.
കേസുകളിൽപ്പെട്ട് സ്തംഭിച്ചിരിക്കുന്ന പദ്ധതിയുടെ കാര്യത്തിൽ സർക്കാരിന്റെയും പിഡബ്ല്യുഡി കെട്ടിട വിഭാഗത്തിന്റെയും ഭാഗത്തുനിന്നും ഗുരുതരമായ അലംഭാവമാണ് ഉണ്ടാകുന്നതെന്ന ആക്ഷേപം ശക്തമാണ്.
പതിനഞ്ച് വർഷം മുൻപാണ് ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനോടു ചേർന്ന് ശബരിമല ഇടത്താവളം നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്. സംസ്ഥാന സർക്കാരിന്റെ മാന്ദ്യവിരുദ്ധ പാക്കേജിൽ ഉൾപ്പെടുത്തി പ്രാരംഭ ഘട്ടത്തിൽ 5 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 12 നില കെട്ടിടം നിർമിക്കാനായിരുന്നു പ്രാരംഭ ലക്ഷ്യം. കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡുകൾ, പ്രത്യേക യാഡുകൾ, ഓഡിറ്റോറിയങ്ങൾ, കോൺഫറൻസ് ഹാൾ, വ്യാപാര സമുച്ചയം, വിശ്രമ കേന്ദ്രങ്ങൾ, ശുചിമുറികൾ, ലിഫ്റ്റ്, റാംപ്, ഓഫീസ് മുറികൾ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്.
എന്നാൽ തുടക്കം മുതൽ തന്നെ പദ്ധതി പ്രതിസന്ധികളെ നേരിട്ടു. സ്ഥലപരിമിതിയായിരുന്നു ആദ്യഘട്ടത്തിലെ പ്രധാന തടസ്സം.
തുടർന്ന് അനുവദിച്ച തുകയിൽ നിന്നും 72.69 ലക്ഷം രൂപ ചെലവഴിച്ചാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്. കരാർ നൽകിയെങ്കിലും വയൽ നികത്തുന്നതിനുള്ള തുക ഉൾപ്പെടുത്തിയിരുന്നില്ലാത്തതിനാൽ ആദ്യ കരാർ റദ്ദാക്കേണ്ടി വന്നു.
പിന്നീട് കിഫ്ബി വഴി 13.5 കോടി രൂപ അനുവദിക്കുകയും 11.56 കോടി രൂപയ്ക്ക് പുതിയ കരാർ ഒപ്പിടുകയും ചെയ്തു. നാലു മാസത്തിനുള്ളിൽ 621 പൈലുകൾ നിർമിക്കാൻ ലക്ഷ്യമിട്ടെങ്കിലും രണ്ടു വർഷം പിന്നിട്ടിട്ടും പണികൾ പൂർത്തിയായില്ല.
കോവിഡ് കാലഘട്ടത്തിലും നിർമാണം പൂർണ്ണമായും നിലച്ചു. ഇതോടെ ഈ കരാറും റദ്ദാക്കുകയാണുണ്ടായത്.
തുടർന്ന് 12 നില കെട്ടിടത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചിട്ടില്ലെന്ന ചൂണ്ടിക്കാണിക്കലുമായി വിഷയം ഹൈക്കോടതിയിലെത്തുകയും നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റേ ഏർപ്പെടുത്തുകയും ചെയ്തു. പാരിസ്ഥിതികാനുമതി ആവശ്യമില്ലാത്ത രീതിയിൽ നിർമാണത്തിന്റെ വ്യാപ്തി കുറയ്ക്കാമെന്ന് പിഡബ്ല്യുഡി വിഭാഗം കോടതിയെ അറിയിച്ചെങ്കിലും, പിന്നീട് നീർച്ചാലുകൾ നികത്തിയെന്ന് കാണിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിൽ പരാതിയെത്തി.
ഇതുസംബന്ധിച്ച് പരിശോധന നടത്തിയ വിദഗ്ധ സമിതി നീർച്ചാലുകൾ നികത്തിയിട്ടില്ലെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ട്രൈബ്യൂണലിന്റെ അന്തിമ തീരുമാനം വൈകുകയാണ്. ഇതിനിടെ സ്ഥലത്തിന്റെ വിലയുമായി ബന്ധപ്പെട്ട് ഉടമകൾ നൽകിയ കേസിൽ കോടതി അനുകൂല വിധി പുറപ്പെടുവിച്ചതോടെ 9.50 കോടി രൂപയുടെ ബാധ്യത പഴവങ്ങാടി പഞ്ചായത്തിന് മേൽ വന്നുചേരുകയും ജപ്തി നടപടികൾ വരെ എത്തുയും ചെയ്തു.
തുടർന്ന് പ്രശ്നം സർക്കാരിന്റെ തർക്ക പരിഹാര കമ്മിറ്റിയുടെ മുന്നിലെത്തുകയും, ബാധ്യത പിഡബ്ല്യുഡി കെട്ടിട വിഭാഗം ഏറ്റെടുക്കണമെന്ന് നിർദേശിക്കുകയും ചെയ്തുവെങ്കിലും ഭൂമി ഇതുവരെ പഞ്ചായത്തിന്റെ പേരിൽ നിന്നു മാറ്റിനൽകാൻ അധികാരികൾക്കായിട്ടില്ല.
നിലവിൽ പദ്ധതി പ്രദേശമാകെ കാടുകയറി നശിച്ച അവസ്ഥയിലാണ്. പൈലുകളെല്ലാം കാട്ടുമൂടി പൂർണ്ണമായും മറഞ്ഞ നിലയിലാണ് കാണപ്പെടുന്നത്.
സർക്കാർ അടിയന്തരമായി ഇടപെട്ട് ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

