ആഗോള സമ്പദ്വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന പശ്ചിമേഷ്യയിലെ യുദ്ധക്കെടുതികൾക്കിടയിൽ, ഇന്ത്യൻ കാർഷിക മേഖലയ്ക്ക് വലിയ ഭീഷണിയായി ‘എൽ-നിനോ’ എന്ന പ്രതിഭാസം വീണ്ടും തിരിച്ചെത്തുന്നു. ഇന്ത്യൻ ജിഡിപിയുടെ 20 ശതമാനവും തൊഴിൽ മേഖലയുടെ 40 ശതമാനവും കാർഷിക രംഗത്താണ്.
മൺസൂണിനെ അമിതമായി ആശ്രയിക്കുന്ന രാജ്യത്തെ കാർഷിക ഉൽപാദനത്തെ എൽ-നിനോ പ്രതികൂലമായി ബാധിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ ഉപരിതല താപനിലയിലുണ്ടാകുന്ന വർധനവ് മൺസൂൺ മഴയുടെ ലഭ്യതയെ തടസ്സപ്പെടുത്തുകയോ, പകരം കാലം തെറ്റിയുള്ള അതിശക്തമായ പേമാരിക്ക് വഴിയൊരുക്കുകയോ ചെയ്തേക്കാം.
ഇത് ഗ്രാമീണ സമ്പദ്വ്യവസ്ഥയെ തളർത്തുന്നതിനൊപ്പം പണപ്പെരുപ്പത്തിനും കാരണമാകും. ഇത്തവണ 1950-ന് ശേഷമുള്ള ഏറ്റവും ശക്തമായ ‘സൂപ്പർ എൽ-നിനോ’ അനുഭവപ്പെടുമെന്ന പ്രവചനം ഓഹരി വിപണിയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് റേറ്റിങ് ഏജൻസിയായ ഇക്ര, ഇന്ത്യയുടെ നടപ്പുവർഷത്തെ ജിഡിപി വളർച്ചാ അനുമാനം 6.5 ശതമാനത്തിൽ നിന്ന് 6.2 ശതമാനമായി വെട്ടിക്കുറച്ചു. 2026-27 കാലയളവിൽ ക്രൂഡോയിൽ വില ബാരലിന് 95 ഡോളറായി ഉയരുമെന്ന വിലയിരുത്തൽ പണപ്പെരുപ്പ ഭീഷണി വർധിപ്പിക്കുന്നു.
ഇതിനിടെ പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി രംഗത്തെത്തി. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്ക് ബില്യൻ കണക്കിന് ഡോളർ മതിക്കുന്ന ഡസനിലേറെ പോർവിമാനങ്ങൾ നഷ്ടമായെന്ന് യുഎസ് കോൺഗ്രസ് സമ്മതിച്ചതായി അരഗ്ചി വ്യക്തമാക്കി.
‘‘ഞങ്ങളുടെ ശക്തമായ സൈന്യം യുഎസിന്റെ എഫ്-35 യുദ്ധവിമാനം തകർത്തിരുന്നു. ലോകത്തുതന്നെ ആദ്യമാണത്.
വീണ്ടും യുദ്ധത്തിനാണ് യുഎസിന്റെ നീക്കമെങ്കിൽ ഇനിയുമൊരുപാട് സർപ്രൈസ് അവരെ കാത്തിരിക്കുന്നുണ്ട്’’ – അദ്ദേഹം എക്സിൽ കുറിച്ചു. എണ്ണവിലയിലെ വർധനവ് ആഗോളതലത്തിൽ പണപ്പെരുപ്പ ആശങ്ക ശക്തമാക്കിയതോടെ ബോണ്ട് യീൽഡുകൾ കുതിച്ചുയരുകയും ഓഹരി വിപണിയിൽ സമ്മർദം വർധിക്കുകയും ചെയ്തു.
യുഎസ് 30-വർഷ ട്രഷറി യീൽഡ് 5.197 ശതമാനത്തിലെത്തി. ഇതിന്റെ പ്രതിഫലനം ഏഷ്യൻ വിപണികളിലും ദൃശ്യമാണ്.
ഗിഫ്റ്റ് നിഫ്റ്റി 135 പോയിന്റ് താഴ്ന്നത് ഇന്ത്യൻ വിപണിയിൽ ഇന്ന് നഷ്ടമുണ്ടാകുമെന്ന സൂചന നൽകുന്നു. രൂപയുടെ മൂല്യത്തകർച്ച തുടരുന്നതും വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിയുന്നതും വിപണിക്ക് വെല്ലുവിളിയാണ്.
ഇന്ന് ഗ്രാസിം ഇൻഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റൽസ്, ഓല ഇലക്ട്രിക്, ലെൻസ്കാർട്ട്, ജൂബിലന്റ് ഫൂഡ് വർക്സ്, മെട്രോ ബ്രാൻഡ്സ്, സംവർധന മദേഴ്സൺ, വേൾപൂൾ തുടങ്ങിയ കമ്പനികൾ സാമ്പത്തിക ഫലങ്ങൾ പുറത്തുവിടും. ബിപിസിഎൽ നേരത്തെ പുറത്തുവിട്ട
കണക്കുകൾ പ്രകാരം കമ്പനിയുടെ ലാഭത്തിൽ 0.7 ശതമാനം ഇടിവും വരുമാനത്തിൽ 6.7 ശതമാനം വർധനവും രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

