കൊച്ചി: സംസ്ഥാനത്ത് ബോഡി ബിൽഡർമാർക്ക് പൊലീസ് സേനയിൽ നൽകിയ നിയമനവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി.
മുദ്രവച്ച കവറിലാണ് രേഖകൾ കോടതിയിൽ സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട
അന്വേഷണ ആവശ്യം നിലവിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച്, രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കണമെന്ന് ആഭ്യന്തര വകുപ്പിന് നിർദേശം നൽകി.
എടുത്ത തീരുമാനത്തെക്കുറിച്ച് കോടതിയെ കൃത്യമായി അറിയിക്കണമെന്നും ജസ്റ്റിസ് വ്യക്തമാക്കി. ഈ മാസം 17-ലേക്ക് ഹർജി പരിഗണിക്കുന്നത് മാറ്റിയിട്ടുണ്ട്.
നിയമനം ലഭിച്ചവരിൽ ഒരാളായ ഷിനു ചൊവ്വ ഈ ഹർജിയിൽ കക്ഷിചേർന്നിട്ടുണ്ട്. അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ ജേതാവായ ഷിനു ചൊവ്വ എന്നിവർക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നേരിട്ട് നിയമനം നൽകിയ നടപടിക്കെതിരെ അഡ്വ.
കെ എം ഷാജഹാൻ ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നിയമന രേഖകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വി സേതുനാഥ് ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് കോടതി രേഖകൾ ഹാജരാക്കാൻ ഉത്തരവിട്ടത്.
മുൻ സർക്കാർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് നിയമനം നടത്തിയതെന്നും, പിഎസ്സിയെ മറികടന്ന് ഇത്തരത്തിൽ നേരിട്ടുള്ള നിയമനം നടത്തുന്നതിന് യാതൊരു നിയമസാധുതയുമില്ലെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്നാണ് കേസ് അടുത്ത തീയതിയിലേക്ക് മാറ്റിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

