കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോഡലിങ് റാക്കറ്റ് വഴി മലയാളി യുവതികളെ വിദേശത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതിയായ സിന്ധു പോലീസ് പിടിയിലായി. മോഡലിങ്ങിന്റെയും വിദേശത്തെ ഫാഷൻ ഷോകളുടെയും പേരിൽ യുവതികളെ പ്രലോഭിപ്പിച്ച് കുടുക്കിയത് സിന്ധുവാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് വിശ്വസിപ്പിച്ച് യുവതികളെ എത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും വിസ അടക്കമുള്ള രേഖകളും ഒരുക്കിയത് സിന്ധുവാണെന്ന് പോലീസ് കണ്ടെത്തി. മോഡലിങ് പരിശീലനം, ജോലി, ദുബായ് വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലിലെ താമസം, വിനോദ യാത്ര എന്നിവ വാഗ്ദാനം ചെയ്താണ് പ്രതി യുവതികളെ കെണിയിൽ വീഴ്ത്തിയത്.
മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് സിന്ധുവിനെ പോലീസ് പിടികൂടിയത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യൽ നടത്തും.
ഈ കേസിൽ നേരത്തെ തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവർ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായിരുന്നു. ദുബായിൽ ഉള്ള മറ്റ് രണ്ട് പ്രതികളെ കൂടി നാട്ടിലെത്തിക്കാൻ പോലീസ് നടപടികൾ സ്വീകരിച്ചു വരികയാണ്.
കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങൾക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന സംശയവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതിജീവിതമാരെ നിർബന്ധിച്ച് സ്വർണം കടത്തുന്ന കാരിയർമാരായി ഉപയോഗിച്ചതായും സൂചനയുണ്ട്.
ഇവർ കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങൾ വഴിയാണ് യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ദുബായിലെ ഇരുട്ടറകളിൽ ഒരു മാസത്തോളം പൂട്ടിയിട്ട്, കുടിക്കുന്ന വെള്ളത്തിൽ ലഹരി കലക്കി നൽകി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
സംഭവത്തിൽ കൂടുതൽ പരാതിക്കാർ ഉണ്ടെങ്കിൽ പോലീസിനെ സമീപിക്കണമെന്ന് കൊച്ചി കമ്മീഷണർ നിർദ്ദേശിച്ചു. പരാതികൾ വനിതാ സെല്ലിൽ നേരിട്ടോ, സിഐയുടെ ഫോൺ നമ്പർ മുഖേനയോ അറിയിക്കാമെന്നും കമ്മീഷണർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

