തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ടുവെച്ച ‘മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ’ എന്ന പ്രചാരണ മുദ്രാവാക്യം തിരിച്ചടിയായെന്ന് സിപിഐ സംസ്ഥാന കൗൺസിൽ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് പാർട്ടി സംസ്ഥാന നിർവാഹകസമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ ചർച്ചയിലാണ് നേതൃത്വത്തിനെതിരെയും എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനശൈലിക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്നത്.
ഈ മുദ്രാവാക്യത്തോടൊപ്പം പിണറായി വിജയന്റെ ചിത്രം വന്നപ്പോൾ, ജനം അത് ‘ഞാൻ അല്ലാതെ മറ്റാരുണ്ട്?’ എന്ന രീതിയിൽ വ്യാഖ്യാനിച്ചുവെന്ന് കൗൺസിൽ യോഗത്തിൽ അഭിപ്രായമുയർന്നു. സിപിഎമ്മിന്റെ നേതൃത്വത്തിൽ കൂട്ടായ ചർച്ചകൾ ഇല്ലാതെ തീരുമാനങ്ങൾ എടുക്കുന്ന ശൈലി മുന്നണിയുടെ തകർച്ചയ്ക്ക് കാരണമായെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
സിപിഐ ഇത്തരം വിഷയങ്ങളിൽ നൽകിയ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടുവെന്നും, സിപിഎമ്മിനെ തിരുത്താൻ കഴിയാത്ത സാഹചര്യത്തിലേക്ക് സിപിഐ ഒതുങ്ങിപ്പോയെന്നും വിമർശനം ഉയർന്നു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനെ പിരിച്ചുവിടണമെന്ന ആവശ്യവും യോഗത്തിൽ ശക്തമായി.
കൊല്ലം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചു. സെക്രട്ടേറിയറ്റ് നിലവിൽ വന്നതോടെ നിർവാഹകസമിതിയുടെയും കൗൺസിലിന്റെയും പ്രസക്തി നഷ്ടപ്പെട്ടെന്നും കൂട്ടായ ചർച്ചകൾ ഇല്ലാതായെന്നും നേതാക്കൾ ആരോപിച്ചു.
കൂടാതെ, വേണ്ടെന്നുവെച്ച സെക്രട്ടേറിയറ്റ് സംവിധാനം മതിയായ ചർച്ച കൂടാതെ പുനഃസ്ഥാപിച്ചെന്ന് ആരോപിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

