ശ്വാസകോശ അർബുദം, സി.ഒ.പി.ഡി (COPD) തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് പ്രധാന കാരണം പുകവലിയാണെന്ന ധാരണ പൊതുവെയുണ്ടെങ്കിലും, പുകവലിക്കാത്ത വ്യക്തികളിലും ശ്വാസകോശ ശേഷി ഗണ്യമായി കുറയുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രകടമായ ലക്ഷണങ്ങളില്ലാതെ തന്നെ ആധുനിക ജീവിതശൈലിയും പരിസ്ഥിതി ഘടകങ്ങളും ശ്വാസകോശാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ആരോഗ്യമുള്ള ശ്വാസകോശം നിലനിർത്താൻ സിഗരറ്റ് വലി ഒഴിവാക്കുന്നതുകൊണ്ടു മാത്രം കാര്യമായില്ലെന്ന് ബെംഗളൂരു ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റൽ പൾമണോളജി വിഭാഗം മേധാവിയും ലീഡ് കൺസൾട്ടന്റുമായ ഡോ. ശിവരാജ് എ.എൽ. ചൂണ്ടിക്കാണിക്കുന്നു.
വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം, ജോലിസ്ഥലത്തെ അന്തരീക്ഷം, ശാരീരിക അധ്വാനത്തിന്റെ കുറവ് തുടങ്ങിയ അഞ്ച് പ്രധാന ഘടകങ്ങൾ ശ്വാസകോശത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. വീടിനുള്ളിലെ വായു മലിനീകരണവും രോഗസാധ്യതയും ജനങ്ങളിൽ ഭൂരിഭാഗവും സമയത്തിന്റെ 90 ശതമാനവും വീടുകൾക്കുള്ളിലാണ് ചെലവഴിക്കുന്നത്.
പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന പുക, അഗർബത്തി, മെഴുകുതിരി, കൊതുക് തിരികൾ, എയറോസോൾ സ്പ്രേകൾ എന്നിവയിൽ നിന്ന് പുറന്തള്ളപ്പെടുന്ന സൂക്ഷ്മ കണികകളും നൈട്രജൻ ഡയോക്സൈഡ് തുടങ്ങിയ ഫോർമാൽഡിഹൈഡ് വിഷവാതകങ്ങളും വായുവിൽ കലരുന്നത് ശ്വാസകോശത്തിന് കടുത്ത ഭീഷണിയാണ്. പുകവലിക്കാത്തവരിൽ പോലും ദീർഘകാല അടിസ്ഥാനത്തിൽ വീടിനുള്ളിലെ ഇത്തരം മലിനീകരണം ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കാൻ കാരണമാകുന്നു.
വീടുകളിൽ കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കുകയും എക്സോസ്റ്റ് ചിമ്മിനികൾ ഉപയോഗിക്കുകയും അടച്ചിട്ട മുറികളിൽ സുഗന്ധദ്രവ്യങ്ങളോ കൊതുക് തിരികളോ കത്തിക്കുന്നത് ഒഴിവാക്കുകയുമാണ് ഇതിനുള്ള പ്രധാന പരിഹാരം.
വേപ്പിംഗ് നൽകുന്ന മുന്നറിയിപ്പ് സിഗരറ്റ് ഉപയോഗം കുറയുമ്പോഴും യുവാക്കൾക്കിടയിൽ വേപ്പിംഗ് (Vaping) ശീലം വ്യാപകമാകുന്നത് ആശങ്കയുയർത്തുന്നുണ്ട്. ഇത് ശ്വാസനാളത്തിൽ വീക്കമുണ്ടാക്കാനും ആസ്ത്മ പോലുള്ള രോഗങ്ങൾ സങ്കീർണ്ണമാക്കാനും ഇടയാക്കും.
പുകവലിക്കൊപ്പം വേപ്പിംഗ് കൂടി നടത്തുന്നവരിൽ ശ്വാസകോശ തകരാറുകൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. ശാരീരിക അധ്വാനമില്ലായ്മ ശ്വസനശേഷി കുറയ്ക്കും തുടർച്ചയായി ഒരേയിരിപ്പിലിരുന്ന് ജോലി ചെയ്യുന്ന നിശ്ചലമായ ജീവിതശൈലി ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ശേഷി കുറയ്ക്കുന്നു.
ക്രമമായി വ്യായാമം ചെയ്യുന്നത് ശ്വസന പേശികളുടെ ബലം വർദ്ധിപ്പിക്കാനും ശ്വാസനാളത്തിൽ അടിയുന്ന കഫം പുറന്തള്ളാനും സഹായിക്കും. ആസ്ത്മ അല്ലെങ്കിൽ സി.ഒ.പി.ഡി ഉള്ളവരിൽ ശാരീരികക്ഷമത നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
ദിനചര്യയുടെ ഭാഗമായി വേഗത്തിലുള്ള നടത്തം ശീലമാക്കുന്നത് ശ്വാസകോശ ശേഷി കൂട്ടാൻ ഏറെ ഫലപ്രദമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

