പി.എസ്.സി പരീക്ഷകളിൽ നടന്ന ഗുരുതരമായ അട്ടിമറികളും ക്രമക്കേടുകളും വെളിച്ചത്തുകൊണ്ടുവന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളിൽ നടന്ന ആസൂത്രിതമായ തട്ടിപ്പ് പുറത്തുവന്നത്.
ഒഴിവാക്കിയ ചോദ്യങ്ങളുടെ പശ്ചാത്തലം അന്വേഷിച്ചപ്പോഴാണ് വിചിത്രമായ ക്രമക്കേടുകളുടെ ചിത്രം വ്യക്തമായത്. ആസൂത്രിതമായി ഒഴിവാക്കിയത് 10 ചോദ്യങ്ങൾ ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടത്തിയ മത്സരപരീക്ഷയിലാണ് പ്രധാന ക്രമക്കേട് കണ്ടെത്തിയത്.
പരീക്ഷയിൽ വളരെ കുറഞ്ഞ മാർക്ക് മാത്രം നേടുകയും റാങ്ക് പട്ടികയിൽ ഇടംപിടിക്കാൻ പോലും യോഗ്യതയില്ലാതിരിക്കുകയും ചെയ്ത അരുൺ എന്ന ഉദ്യോഗാർഥിയെ ഒന്നാം റാങ്കിലെത്തിക്കാൻ ബോധപൂർവമായ നീക്കം നടന്നു. അരുൺ ഉത്തരം എഴുതാതിരുന്ന 58 മാർക്കിന്റെ 10 ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്നുതന്നെ ഒഴിവാക്കുകയായിരുന്നു.
മറ്റ് ഉദ്യോഗാർഥികൾ ഈ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയിരുന്നെങ്കിലും അവ പരിഗണിച്ചില്ല. മൂല്യനിർണയം സുതാര്യമായി നടന്നിരുന്നെങ്കിൽ അരുണിന് റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കാൻ സാധിക്കില്ലായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
രാഷ്ട്രീയ ഇടപെടലും അന്വേഷണവും ഇടത് സംഘടനാ പ്രവർത്തകനായ അരുണിന് അനർഹമായി ഒന്നാം റാങ്ക് നൽകാൻ ഉയർന്നതലത്തിൽ രാഷ്ട്രീയ ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന കാര്യവും എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്. പി.എസ്.സിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ആലപ്പുഴ സ്വദേശിയായ വി.എസ്. ജയലാൽ നൽകിയ പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തട്ടിപ്പ് ബോധ്യപ്പെട്ടതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
നിലവിൽ എഫ്.ഐ.ആറിൽ ആരുടെയും പേരുകൾ വ്യക്തിഗതമായി ചേർത്തിട്ടില്ല. അറസ്റ്റ് നടപടികളിലേക്ക് നീങ്ങും അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് തെളിയുന്നവരുടെ പേരുകൾ വരുംദിവസങ്ങളിൽ കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
ഇതിനുശേഷമായിരിക്കും പ്രതികളെ വിശദമായി ചോദ്യം ചെയ്യുക. ക്രമക്കേടുകൾ പൂർണ്ണമായി സ്ഥിരീകരിക്കുന്നതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കും.
വിവിധ പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപിച്ച് 90 പരാതികളാണ് ഇതുവരെ എസ്.ഐ.ടിയുടെ പക്കൽ ലഭിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

